X
ബഹ്‌റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു

ബഹ്‌റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു

personSJ access_timeWednesday November 18, 2020
HIGHLIGHTS
കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വിസ് ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്തതോടെയാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ വഴിയൊരുങ്ങുന്നത്.

മനാമ: ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇനിയും കുറയാന്‍ സാധ്യത. കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വിസ് ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്തതോടെയാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ വഴിയൊരുങ്ങുന്നത്. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗള്‍ഫ് എയര്‍, എമിറേറ്റ്‌സ്, ഫേളൈ ദുബൈ എന്നിവയാണ് കേരളത്തില്‍നിന്ന് ബഹ്‌റൈനിലേക്ക് സര്‍വിസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗള്‍ഫ് എയറും നേരിട്ട് സര്‍വിസ് നടത്തുമ്പോള്‍ എമിറേറ്റ്‌സും ഫൈ്‌ല ദുബൈയും ദുബൈ വഴി കണക്ഷന്‍ സര്‍വിസാണ് നടത്തുന്നത്.

എയര്‍ അറേബ്യ 19 മുതല്‍ കേരളത്തില്‍നിന്ന് കണക്ഷന്‍ സര്‍വിസ് നടത്തും. ആഴ്ചയില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഷാര്‍ജയില്‍ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര നടത്തുന്നത്. ഈ ദിവസങ്ങളില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് എയര്‍ അറേബ്യ സര്‍വീസുണ്ടാവുക. 100 ദീനാറിനടുത്ത് നിരക്കില്‍ ഈ വിമാനത്തില്‍ ബഹ്‌റൈനിലെത്താം. അതേസമയം, ഷാര്‍ജയില്‍ 10 മണിക്കൂറോളം കാത്തിരിക്കണം എന്നത് യാത്രക്കാര്‍ക്ക് അല്‍പം പ്രയാസം സൃഷ്ടിക്കുന്നതാണ്. എന്നാല്‍, ബഹ്‌റൈനില്‍നിന്ന് നാട്ടിലേക്ക് പോകുമ്പോാള്‍ രണ്ട് മണിക്കൂറോളം കാത്തിരുന്നാല്‍ മതി. ഫൈ്‌ല ദുബൈക്കും 100 ദീനാറിനടുത്ത് നിരക്കില്‍ കേരളത്തില്‍നിന്ന് ബഹ്‌റൈനിലേക്ക് വരാം. ഫ്‌ളൈ ദുബൈയില്‍ വരുന്നവര്‍ക്ക് ദുബൈ വിസ വേണമെന്ന നിബന്ധന തിരിച്ചടിയായിരുന്നെങ്കിലും ഇപ്പോള്‍ അതും ഒഴിവാക്കിയിട്ടുണ്ട്. എമിറേറ്റ്‌സിന് ആദ്യം മുതല്‍ തന്നെ ദുബൈ വിസ ഇല്ലാതെ വരാന്‍ കഴിയുമായിരുന്നു.

ബുധനാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട്ടുനിന്ന് 29,992 രൂപക്ക് (ഏകദേശം 153 ദിനാര്‍) ടിക്കറ്റ് ലഭ്യമായിരുന്നു. 202 ദീനാറിനടുത്ത് നിരക്കുണ്ടായിരുന്ന സ്ഥാനത്താണ് ഒറ്റയടിക്ക് ഇത്രയും കുറഞ്ഞത്. യാത്രക്കാരുടെ തിരക്ക് കുറഞ്ഞതാണ് നിരക്ക് ഈ രീതിയില്‍ കുറയാന്‍ കാരണം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ജനുവരി മുതലുള്ള ഷെഡ്യൂള്‍ അടുത്ത ദിവസംതന്നെ വരുന്നതാണ്. ഇതില്‍ നിരക്ക് കുറയുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. കോഴിക്കോട്ടുനിന്നുള്ള ടിക്കറ്റ് നിരക്ക് ഗള്‍ഫ് എയര്‍ 174 ദീനാറിലേക്ക് നേരത്തേ തന്നെ കുറച്ചിരുന്നു.

SHARE :
folder_openTags
content_copyCategory