Sunday, June 20, 2021
Home Gulf Bahrain ഇന്ത്യന്‍ എംബസിയുടെ നമ്പറില്‍ നിന്ന് തട്ടിപ്പ് കോളുകള്‍; കരുതിയിരിക്കണമെന്ന് അധികൃതര്‍

ഇന്ത്യന്‍ എംബസിയുടെ നമ്പറില്‍ നിന്ന് തട്ടിപ്പ് കോളുകള്‍; കരുതിയിരിക്കണമെന്ന് അധികൃതര്‍

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ നമ്പര്‍ വ്യാജമായി സൃഷ്ടിച്ച് തട്ടിപ്പുകാര്‍ വിളിക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. 00973 39418071 എന്ന നമ്പറില്‍ നിന്നാണ് കോള്‍ വരുന്നത്. ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൈക്കലാക്കാനും പണം തട്ടാനുമാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്.

പാസ്‌പോര്‍ട്ട്, വിസാ ഫോം, ഇമിഗ്രേഷന്‍ ഫോം എന്നിവയില്‍ തെറ്റുകളുണ്ടെന്നും ഇത് ശരിയാക്കാന്‍ പണം വേണമെന്നുമാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. തെറ്റ് തിരിത്തിയില്ലെങ്കില്‍ ഇന്ത്യയിലേക്ക് നാട് കടത്തുകയോ ബഹ്‌റൈനില്‍ തടവിലാക്കുകയോ ചെയ്യുമെന്നും തട്ടിപ്പുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എംബസിയില്‍ നിന്നാണെന്ന് കരുതി പലരും ഈ തട്ടിപ്പുകാരുടെ വലയില്‍ കുരുങ്ങാന്‍ സാധ്യതയുണ്ട്.

00973 39418071 എന്ന നമ്പര്‍ അടിയന്തര ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാനുള്ളതാണെന്നും ഈ നമ്പറില്‍ നിന്ന് എംബസിയില്‍ നിന്ന് ഇങ്ങോട്ട് ഒരിക്കലും വിളിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. എംബസിയുടെ പേരില്‍ വരുന്ന സംശയകരമായ കോളുകള്‍ സ്വീകരിക്കരുതെന്ന് ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ കോള്‍ ചെയ്യുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയോ പണം നല്‍കുകയോ ചെയ്യരുത്. ഇതുപോലുള്ള വിഷയങ്ങള്‍ ഉണ്ടായാല്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കണം. ഇതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക ഫോം ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഈ ഫോമില്‍ പൂരിപ്പിച്ച് Information on spoofed calls എന്ന തലക്കെട്ടോട് കൂടിയാണ് ഇമെയിലില്‍ അയക്കേണ്ടത്.

Most Popular