Saturday, June 19, 2021
Home Gulf Bahrain ഇന്ന് മുതല്‍ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഇന്ന് മുതല്‍ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മനാമ: ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍.ടി. പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍ വന്നു. കുട്ടികളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് അംഗീകൃത സെന്ററുകളില്‍ നിന്നും 48 മണിക്കുറിനുള്ളില്‍ എടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡും ഉണ്ടായിരിക്കണം.

കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണോ എന്ന കാര്യത്തില്‍ യാത്രക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഒരു അറിയിപ്പില്‍ ആറ് വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്. അതേസമയം വിമാനക്കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ അറിയിപ്പില്‍ എല്ലാ യാത്രക്കാര്‍ക്കും പരിശോധന വേണമെന്ന് വ്യക്തമാക്കിയിരുന്നു. ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും എല്ലാ യാത്രക്കാര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലും കുട്ടികള്‍ക്കുള്‍പ്പെടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.

എന്നാല്‍ പുതിയ നിയമം അറിയാതെ തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തിയ ചില യാത്രക്കാരെ തിരിച്ചയച്ചിരുന്നു. നാല് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും മൂന്ന് യാത്രക്കാര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ 48 മണിക്കൂര്‍ സമയപരിധി കടന്നുപോയതുമാണ് ഇവര്‍ക്ക് വിനയായത്. തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞ് ബഹ്‌റൈനില്‍ എത്തുന്നതായതിനാലാണ് ഈ വിമാനത്തിലെ യാത്രക്കാര്‍ക്കും നിബന്ധന ബാധകമാക്കിയത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ 27 മുതല്‍ നിര്‍ബന്ധമാക്കിയത്.

 

Most Popular