
എഫ് വണ്‍ സഖീര്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ ആരംഭിച്ചു; ആദ്യ പരിശീലന മത്സരത്തില്‍ ജോര്‍ജ് റസല്‍ ഒന്നാമത്
മനാമ: ബഹ്റൈന്‍ ആതിഥ്യമരുളുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ ആരംഭിച്ചു. ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ അരങ്ങേറുന്ന സഖീര്‍ ഗ്രാന്‍ഡ് പ്രീയിലെ ആദ്യ പരിശീലന മത്സരത്തില്‍ മെഴ്സിഡസിന്റെ ജോര്‍ജ് റസല്‍ ഒന്നാമതെത്തി. ലോക ചാമ്ബ്യന്‍ ലൂയിസ് ഹാമില്ട്ടന് കോവിഡ് ബാധിതനായി പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് പകരക്കാരനായാണ് 22കാരനായ ജോര്‍ജ് റസല്‍ ട്രാക്കിലിറങ്ങിയത്.
റെഡ് ബുള്ളിന്റെ മാക്സ് വെര്സ്റ്റാപ്പെന് രണ്ടാമതും അലക്സ് ആല്‍ബോന്‍ മൂന്നാമതുമെത്തി. മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസ് നാലാമതും ആല്‍ഫാ ടോറിയുടെ ഡാനില്‍ കിവ്യാത്ത് അഞ്ചാമതും ഫിനിഷ് ചെയ്തു. മൂന്നാം പരിശീലന മത്സരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. രാത്രി എട്ടിനാണ് യോഗ്യത മത്സരം. ഞായറാഴ്ച രാത്രി 8.10ന് നടക്കുന്ന ഫൈനലിലേക്കുള്ള പോള്‍ പൊസിഷന്‍ ഇതില്‍ തീരുമാനിക്കും.