Friday, August 6, 2021
Home Gulf Bahrain പാര്‍ക്കിലെ ബെഞ്ചില്‍ അഭയം തേടിയ മലയാളിക്ക് തുണയായി എംബസിയും സാമൂഹിക പ്രവര്‍ത്തകരും

പാര്‍ക്കിലെ ബെഞ്ചില്‍ അഭയം തേടിയ മലയാളിക്ക് തുണയായി എംബസിയും സാമൂഹിക പ്രവര്‍ത്തകരും

മനാമ: ബഹ്റൈനില്‍ ജോലിയും താമസിക്കാന്‍ ഇടവും ഇല്ലാതെ ദുരിതത്തിലായ മലയാളിക്ക് തുണയായി ഇന്ത്യന്‍ എംബസി. കൊടുംചൂടില്‍ പാര്‍ക്കിലെ ബെഞ്ചില്‍ കഴിയേണ്ടി വന്ന മലയാളി ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

പ്രവാസ ജീവിതത്തിനിടെ സംഭവിച്ച ഒരു തെറ്റാണ് 53കാരനായ മധുവിനെ ദുരിതത്തിലാക്കിയത്. ഒരു അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിന്റെ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു മധു. താമസക്കാരില്‍ നിന്ന് പിരിച്ച മൂന്നു മാസത്തെ വാടക ഉടമസ്ഥന്റെ പക്കല്‍ ഏല്‍പ്പിക്കാനാവാതെ വന്നതാണ് പ്രശ്നങ്ങളുടെ തുടക്കം.

തനിക്ക് നഷ്ടമായ 8,250 ദിനാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അപ്പാര്‍ട്ട്മെന്റിന്റെ ഉടമസ്ഥന്‍ മധുവിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. പണം നല്‍കാത്തതിനാല്‍ മധുവിന് അധികൃതര്‍ യാത്രാ വിലക്കേപ്പെടുത്തി. സമഹീജ് പോലിസ് സ്റ്റേഷനില്‍ എത്തിയ മധുവിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പോലിസ് മധുവിനെ വിട്ടയക്കുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകനായ എം സി പവിത്രനില്‍ നിന്ന് മധുവിനെ കുറിച്ച് അറിഞ്ഞ വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ അംഗവും പ്രവാസി ലീഗല്‍ സെല്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ഡയറക്ടറുമായ സുധീര്‍ തിരുനിലത്ത് മധുവുമായി സംസാരിച്ചു.

ജോലി നഷ്ടമായി, താമസസ്ഥലമില്ലാതെ പ്രയാസത്തിലായ മധുവിന് ഐസിആര്‍എഫിന്റെയും ചില സുഹൃത്തുക്കളുടെയും സഹായത്തോടെ സുധീര്‍ തിരുനിലത്ത് താല്‍ക്കാലിക താമസസ്ഥലം ഒരുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടതാണ് മധുവിന് തുണയായത്. ഇന്ത്യന്‍ എംബസി അധികൃതര്‍ അപ്പാര്‍ട്ട്മെന്റിന്റെ ഉടമസ്ഥനുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ അയാള്‍ കേസ് പിന്‍വലിച്ചു. തുടര്‍ന്ന് മധുവിന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കും ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ ഒഴിവായി. നാട്ടിലേക്ക് മടങ്ങാനാഗ്രഹിച്ച മധുവിന് ഔട്ട്പാസും നല്‍കി. ഇന്ത്യന്‍ എംബസി നല്‍കിയ വിമാന ടിക്കറ്റില്‍ ബഹ്റൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് മധു.
ALSO WATCH

 

Most Popular