
പാക് കരസേന മേധാവിയുടെ ബഹറൈന്‍ സന്ദര്‍ശനം: ‘വിസാമുല്‍ ബഹ്റൈന്‍’ കൈമാറി
മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ പാക് കരസേന ചീഫ് ഓഫ് സ്റ്റാഫ് കേണല്‍ ജനറല്‍ ഖമര്‍ ജാവേദ് പച്വയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ സ്വീകരിച്ചു. മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ പാക് സേനയുടെ പങ്കിനെയും പ്രിന്‍സ് സല്മാന് പ്രകീര്‍ത്തിച്ചു. ബഹ്റൈന്‍ രാജാവിന്റെ പ്രത്യേക ആദരവായ ‘വിസാമുല്‍ ബഹ്റൈന്‍’ കിരീടാവകാശി അദ്ദേഹത്തിന് കൈമാറി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ ഗുണകരമായതായി റിഫ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും വിലയിരുത്തി. സൈനിക, പ്രതിരോധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു. നാഷനല്‍ ഗാര്‍ഡും പാക് സൈനിക വിങ്ങുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും ചര്‍ച്ചയില്‍ വിലയിരുത്തി. ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നുഐമിയും സന്നിഹിതനായിരുന്നു.