Thursday, July 29, 2021
Home Gulf വെല്‍ഫയര്‍ ഫണ്ട് ഉപയോഗിക്കാം; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന കേന്ദ്രം

വെല്‍ഫയര്‍ ഫണ്ട് ഉപയോഗിക്കാം; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന കേന്ദ്രം

റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനായി ഇന്ത്യന്‍ എംബസികളിലുള്ള ക്ഷേമനിധി വിനിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടറിയിച്ചു. ഗള്‍ഫിലെ ഇന്ത്യന്‍ എംബസികല്‍ കെട്ടിട്ടിക്കിടക്കുന്ന കോടിക്കണക്കിനു രൂപയുടെ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (സാമൂഹിക ക്ഷേമനിധി) ടിക്കറ്റെടുക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ വാദം കേള്‍ക്കവെയാണ് തിങ്കളാഴ്ച കോടതിയില്‍ കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ അനുകൂല മറുപടി നല്‍കിയത്.

ഈ ആവശ്യമുന്നയിച്ച് മേയ് 15നാണ് കേരള ഹൈക്കോടതിയില്‍ ഹരജിയെത്തിയത്. ഫണ്ട് വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാറിനും എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിള്‍ ബെഞ്ച് 18ന് ആദ്യ വാദം കേള്‍ക്കുകയും നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വാദംകേട്ടത്.

2009ല്‍ അന്നത്തെ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ മുന്‍കൈയില്‍ തുടങ്ങിയ ഫണ്ടില്‍നിന്ന് ഈയാവശ്യത്തിന് പണം വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക അനുമതി വേണമെന്ന നിലപാടിലായിരുന്നു ഗള്‍ഫിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍. കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നു ബോധിപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പിനോടൊപ്പം ടിക്കറ്റിന് അപേക്ഷയും പാസ്‌പോര്‍ട്ട് കോപ്പിയും വിസ (ഫൈനല്‍ എക്‌സിറ്റ്, എക്‌സിറ്റ് / റീ-എന്‍ട്രി) കോപ്പിയും അതത് രാജ്യത്തെ തൊഴില്‍/താമസ ഐഡി കോപ്പിയും മൊബൈല്‍ നമ്പറും സഹിതം പ്രവാസികള്‍ക്ക് അതത് എംബസി/കോണ്‍സുലേറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

 

പ്രവാസികള്‍ എംബസിയില്‍ വിവിധ കോണ്‍സുലേറ്റ് സേവനങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന തുകയില്‍ നിന്നാണ് ഈ ഫണ്ട് സ്വരൂപിക്കുന്നത്. എംബസികളുടെ പൂര്‍ണനിയന്ത്രണത്തിലുള്ള ഈ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുകയും പ്രവാസികളുടെ ശരിയായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യാതിരിക്കുന്നത് സംബന്ധിച്ച് ഗള്‍ഫ് മലയാളി വിശദമായ റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഈ ഫണ്ട് വിനിയോഗിക്കുന്നതിന് യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍, അനുമതി വേണമെന്ന തൊടുന്യായം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു എംബസികള്‍. സര്‍ക്കാര്‍ കോടതിയില്‍ പരസ്യമായി സമ്മതം അറിയിച്ചിരിക്കെ ഇനി കടമ്പകളില്ല. വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.

വടകര പാലോളിത്താഴയില്‍ ജിഷ, തിരുവനന്തപുരം മടവൂര്‍ പുലിയൂര്‍ക്കോണത്ത് ഷീബ മന്‍സിലില്‍ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയില്‍ വീട്ടില്‍ മനീഷ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവരാണ് ഹരജിക്കാര്‍. റിയാദിലെ ‘ഇടം’ സാംസ്്കാരികവേദി, ദുബയിലെ ‘ഗ്രാമം’, ദോഹയിലെ ‘കരുണ’ എന്നീ സംഘടനകളുടെകൂടി ശ്രമഫലമായാണ് കേസ് കോടതിയിലെത്തിയത്. അഡ്വ. പി ചന്ദ്രശേഖരന്‍, അഡ്വ. ജോണ്‍ കെ ജോര്‍ജ്, അഡ്വ. ആര്‍ മുരളീധരന്‍ എന്നിവരാണ് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായത്.

Most Popular