Saturday, July 31, 2021
Home Gulf കോവിഡ് 19: അബുദാബിയിൽ വീടുകളിലെ ഐസലേഷൻ നിർത്തി

കോവിഡ് 19: അബുദാബിയിൽ വീടുകളിലെ ഐസലേഷൻ നിർത്തി

അബുദാബി: രാജ്യത്ത് വീടുകളിലെ ഐസലേഷൻ നിർത്തിയതായും ഇനി മുതൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കോ ഹോട്ടലിലേക്കോ മാറ്റാനും അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗപ്പകർച്ച തടയുകയാണ് ലക്ഷ്യം. എമിറേറ്റിലെ എല്ലാ ആശുപത്രികൾക്കും ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിക്കഴിഞ്ഞു. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരേയും സജ്ജരാക്കിയതായി അധികൃതർ പറഞ്ഞു.

ആഗസ്റ്റിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നിയമം കടുപ്പിക്കുന്നത്. ഇന്നലെ മുതൽ നിലവിൽ വന്ന നിയമം അനുസരിച്ച് ഇനി മുതൽ രോഗം സ്ഥിരീകരിക്കുന്നവർ ഫീൽഡ് ആശുപത്രിയിലെത്തി അഡ്മിറ്റാകണം. രോഗലക്ഷണങ്ങൾ ഇല്ലാത്തവരും നേരിയ ലക്ഷണങ്ങൾ ഉള്ളവരുമെല്ലാം കോവിഡ് നെഗറ്റീവ് ആകുന്നതുവരെ പ്രസ്തുത ആശുപത്രിയിലോ ഹോട്ടലിലോ കഴിയണമെന്ന് അബുദാബി പൊതു ആരോഗ്യ വിഭാഗത്തിലെ ഡോ. ഷദ അൽ ഗസാലി പറഞ്ഞു.

വിവിധ സ്വകാര്യ ആശുപത്രികളിൽ പരിശോധനയ്ക്ക് എത്തി പോസിറ്റീവ് ആകുന്നവരെ പ്രത്യേക നിരീക്ഷണ മുറിയിലേക്കു മാറ്റി വിവരം ആരോഗ്യമന്ത്രാലയത്തിനു കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റും. അബുദാബിയിൽ നിലവിൽ അഞ്ച് ഫീൽഡ് ആശുപത്രികളിലായി 1,200 കിടക്കകളും 225 ഐസിയു കിടക്കകളും ഒരുക്കിയിട്ടുണ്ട്.

അബുദാബിയിൽ കോവിഡ് പരിശോധന ഇപ്പോഴും തുടരുന്നുണ്ട്. എമിറേറ്റിലെ താമസകേന്ദ്രങ്ങളിൽ ആരോഗ്യവിഭാഗം നേരിട്ടെത്തിയാണ് സൗജന്യ പരിശോധന നടത്തിവരുന്നത്. ഇതുവരെ 65 ലക്ഷത്തിലേറെ പേരിൽ പരിശോധന നടത്തി. അബുദാബിയിലേക്ക് പ്രവേശിക്കുവർ പിസിആർ ടെസ്റ്റ് തന്നെ ചെയ്യണമെന്ന നിബന്ധനയും കഴിഞ്ഞ ആഴ്ച നിലവിൽ വന്നിട്ടുണ്ട്.

Most Popular