Saturday, July 24, 2021
Home Gulf സ്‌കൂൾ തുറക്കൽ: യുഎഇയിലെ മിക്ക വിദ്യാർഥികളുടെയും വോട്ട് ഡിസ്റ്റൻസ് ലേണിംഗിന്

സ്‌കൂൾ തുറക്കൽ: യുഎഇയിലെ മിക്ക വിദ്യാർഥികളുടെയും വോട്ട് ഡിസ്റ്റൻസ് ലേണിംഗിന്

ദുബായ്: കോവിഡ് 19 വൈറസ് വ്യപനത്താൽ നീണ്ട വേനൽക്കാല അവധിക്കുശേഷം കുട്ടികൾ പുതിയ ബാഗുകളും പുസ്തകങ്ങളുമെല്ലാം തയ്യാറാക്കി സ്‌കൂളിലേക്ക് തിരിച്ചു പോകാൻ തയ്യാറാകുകയാണ്. ഇത്തവണത്തെ സ്‌കൂൾ ഷോപ്പിംഗിൽ ഹാൻഡ് സാനിറ്റൈസറുകൾ, മാസ്‌കുകൾ, കൈയ്യുറകൾ എന്നിവയും ഉൾപ്പെടും.

എന്നാൽ, അടുത്തിടെ നടന്ന സർവേയിൽ ഭൂരിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും ഓൺ- സൈറ്റ് പഠനത്തെക്കാൾ വിർച്വൽ പഠനത്തെയാണ് തിരഞ്ഞെടുക്കുന്നത്. 61.45 ശതമാനം വിദ്യാർഥികളും ഇ-ലേണിംഗാണ് ഇഷ്ടപ്പെടുന്നതെങ്കിൽ 38.55 ശതമാനം വിദ്യാർഥികളേ ഇൻ-സ്‌കൂൾ ക്ലാസുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുള്ളൂ.

വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കൾക്കിടയിൽ നടത്തിയ സർവേയിലും ഫലം സമാനമായിരുന്നു. 59 ശതമാനം രക്ഷിതാക്കളും പുതിയ അധ്യയന വർഷത്തിന്റെ ആദ്യ സെമസ്റ്റർ ഡിസ്റ്റൻസ് ലേണിംഗിനെ പിന്തുണയ്ക്കുന്നവരാണ്.

കോവിഡ് 19 വ്യാപനം ആരംഭിചിചതിനെ തുടർന്ന് ഈ വർഷം മാർച്ച് മുതൽ രാജ്യത്തെ സ്‌കൂളുകൾ ക്ലാസുകൾ ഓൺലൈനാക്കിയിരുന്നു. ആദ്യമൊക്കെ പുതിയ അധ്യയന വർഷത്തിൽ ഇൻ- ക്ലാസ് അധ്യയനരീതിയെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് പല തവണകളായി തീരുമാനത്തിൽ മാറ്റം വരികയായിരുന്നു.

15 വയസ്സുകാരിയായ മകൾ സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സമപ്രായക്കാരായ നിരവധി കുട്ടികളോടും അധ്യാപകരോടും സമ്പർക്കം പുലർത്തേണ്ടി വരും എന്നത് ആശങ്ക നിറയ്ക്കുന്നതായി ജുമൈറ കോളജിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദിനിയുടെ മാതാവ് മധുലിക പറഞ്ഞു.

പല കാരണങ്ങൾ കൊണ്ടും സ്‌കൂ
ളിൽ പോയുള്ള പഠനം തന്നെയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, എന്നാൽ, ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസിനാണ് മുൻഗണന നൽകുന്നതെന്നും ഇന്ത്യൻ വിദ്യാർഥികളായ ആദിത്യയും സഹോദരി അദിതി ഗാന്ധിയും അഭിപ്രായപ്പെട്ടു.

അതേസമയം, ചില വിദ്യാർഥികൾ സ്‌കൂളിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ മാതാപിതാക്കൾക്ക് തന്നെ സ്‌കൂളിലയക്കുന്നതിനോട് താത്പര്യക്കുറവില്ലെന്ന് ദുബായ് അംലെഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ജയ്ഡൻ ഷിബു പറഞ്ഞു. കുറച്ച് കാലമായി ഞാൻ അതിനുള്ള തയ്യാറെടുപ്പിലാണ്, എന്റെ സുഹൃത്തുക്കളെയും അധ്യാപകരെയും വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അധിക മാസ്‌കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ടിഷ്യൂകൾ തുടങ്ങിയ അവശ്യവസ്തുക്കൾ അടങ്ങുന്ന ഒരു പ്രത്യേക ബാഗ് കൂടി സ്‌കൂളിൽ കൊണ്ടുപോകും. ഈ വർഷം സ്‌കൂളിൽ വാട്ടർ ഡിസ്‌പെൻസറുകൾ അനുവദിക്കാത്തതിനാൽ ഒരു വലിയ വാട്ടർ ബോട്ടിലും വാങ്ങിയതായി ജയ്ഡൻ കൂട്ടിച്ചേർത്തു.

Most Popular