Friday, August 6, 2021
Home Gulf കോവിഡ്: അബുദാബിയിൽ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കാൻ ആരംഭിച്ച് കമ്പനികൾ

കോവിഡ്: അബുദാബിയിൽ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കാൻ ആരംഭിച്ച് കമ്പനികൾ

അബുദാബി: കോവിഡ് പ്രതിസന്ധിയിൽ വ്യാപാരത്തകർച്ചയാൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച പല കമ്പനികളും അവ പുനഃസ്ഥാപിക്കാൻ ആരംഭിച്ചു. 10 ശതമാനം മുതൽ 30 ശതമാനം വരെയാണ് പല കമ്പനികളും കുറച്ചിരുന്നത്. 50 ശതമാനം വരെ കുറച്ച കമ്പനികളുമുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ പല ഘട്ടങ്ങളായി ഇളവുകൾ വന്നതോടെ വ്യാപാരസ്ഥാപനങ്ങൾ ഏറെക്കുറെ പൂർവസ്ഥിതിയിലേക്ക് മാറാൻ തുടങ്ങിയതിനെ തുടർന്നാണ് ശമ്പളം പുനഃസ്ഥാപിക്കാൻ പല കമ്പനികളും തീരുമാനിച്ചത്. ചില കമ്പനികൾ വെട്ടിക്കുറച്ച മാസങ്ങളിലെ തുക ഗഡുക്കളായി തിരിച്ചുനൽകുന്നുമുണ്ട്. ഓഫ്‌ഷോർ, ഓൺഷോർ എണ്ണക്കമ്പനികൾ, ട്രാൻസ്‌പോർട്ട്, കൺസ്ട്രക്ഷൻ, സ്‌പെയർ പാർട്‌സ്, ഫൈബർ, ഗ്ലാസ്, കെമിക്കൽ, ബേക്കറി തുടങ്ങിയ വിവിധ മേഖലകളിലുള്ള കമ്പനികൾ ഇതിലുൾപ്പെടും. ഇവയിൽ തന്നെ ചില കമ്പനികൾ പൂർണമായും മറ്റു ചില കമ്പനികൾ ഭാഗികമായും ശമ്പളം പുനഃസ്ഥാപിച്ചു. വരും മാസങ്ങളിൽ മറ്റ് കമ്പനികളും ശമ്പളം പുനഃസ്ഥാപിക്കുമെന്നാണ് ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

എന്നാൽ കോവിഡ് നഷ്ടം സഹിച്ചും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു പൈസ പോലും കുറയ്ക്കാത്ത കമ്പനികളും രാജ്യത്തുണ്ട്. മാർച്ച് മുതലാണ് പല കമ്പനികളും ശമ്പളം കുറയ്ക്കാൻ തുടങ്ങിയത്. അധികൃതരുടെ അനുമതിയോടെ മൂന്ന് മാസത്തേക്കു പ്രത്യേക കരാറുണ്ടാക്കുകയായിരുന്നു. എന്നാൽ ചില കമ്പനികൾ മൂന്ന് മാസത്തേക്ക് കൂടി കരാർ പുതുക്കുകയും ചെയ്തു. ആ കാലാവധി ഈ മാസം തീരുന്നതോടെ അടുത്ത മാസം മുതൽ ശമ്പളം പൂർണമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ചില കമ്പനികൾ എല്ലാ അലവൻസുകളും പുനസ്ഥാപിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി മറികടക്കാൻ ശമ്പളത്തിന്റെ നിശ്ചിത ശതമാനം കുറയ്ക്കുക മാത്രമല്ല താമസം, ഗതാഗതം തുടങ്ങി മറ്റു അലവൻസുകളും നിർത്തിയിരുന്നു. ഇതുമൂലം കുടുംബമായി താമസിച്ചുവരുന്ന പലരുടെയും ജീവിതം പ്രയാസത്തിലായി. ചിലർ കുടുംബത്തെ നാട്ടിലേക്ക് അയച്ചും മറ്റു ചിലർ ചെലവു കുറഞ്ഞ താമസസ്ഥലത്തേക്ക് മാറിയും അധികച്ചെലവ് തരണം ചെയ്യുകയായിരുന്നു. ശമ്പളവും അലവൻസുകളും പുനഃസ്ഥാപിച്ചത് ഇത്തരക്കാർക്ക് അനുഗ്രഹമാകും.

അതേസമയം, പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച എയർലൈനുകൾ ഡിസംബർ വരെ ശമ്പളം കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ജോലിയിൽ നിന്ന് താത്കാലികമായി ലീവെടുക്കാൻ നിർദേശിച്ചിരുന്ന എയർലൈൻ കമ്പനികൾ തങ്ങളുടെ ജീവനക്കാരെ തിരിച്ചു വിളിച്ചു തുടങ്ങി. മൂന്ന് മുതൽ ആറ് മാസം വരെ ശമ്പളമില്ലാത്ത അവധി എടുക്കാനായിരുന്നു കമ്പനികളുടെ നിർദേശം. ഇതുമൂലം പലരും നാട്ടിലേക്കു പോയിരുന്നു. തിരിച്ചു വിളിക്കുമെന്ന പ്രതീക്ഷയിൽ ഇവിടെ തന്നെ പിടിച്ചുനിന്നവരിൽ പലരും നിലവിൽ ജോലിയിൽ തിരിച്ചു പ്രവേശിച്ചു കഴിഞ്ഞു.

Most Popular