Saturday, July 24, 2021
Home Gulf കുവൈത്തിൽ കോവിഡ് മരണ നിരക്ക് കൂടുന്നു; കടുത്ത നടപടികൾ ആലോചിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ കോവിഡ് മരണ നിരക്ക് കൂടുന്നു; കടുത്ത നടപടികൾ ആലോചിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മരണനിരക്ക് കൂടുന്ന സാഹചര്യത്തിൽ രാജ്യം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചന നൽകി ആരോഗ്യ വകുപ്പ് അധികൃതർ. ആരോഗ്യമേഖല അതീവ ഗുരുതരാവസ്ഥയിലേക്കാണ് പോകുന്നത് എന്ന മുന്നറിയിപ്പാണ് സർക്കാർ ഉന്നത അധികൃതർ വ്യക്തമാക്കുന്നത്.

ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹുമായി സുപ്രീം കൗൺസിൽ കൂടിയാലോചിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നും ഉന്നത വക്താവ് അറിയിച്ചു. കൂടാതെ കാബിനറ്റിന്റെ അടിയന്തര യോഗം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഭാഗിക കർഫ്യൂ തുടങ്ങിയ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാൻ സാധ്യത ഉള്ളതായും വക്താവ് കൂട്ടിച്ചേർത്തു.

ഇന്നലെ മാത്രം രാജ്യത്ത് ഏഴ് പേർ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ കൊറോണ ബാധയെ തുടർന്ന് 34 പേരാണ് രാജ്യത്ത് മരിച്ചത്. 62 മലയാളികൾ ഉൾപ്പെടെ മൊത്തം 649 പേരാണ് രാജ്യത്ത് ഇതു വരെ രോഗം ബാധിച്ച് മരിച്ചത്.

ഈ കണക്കുകൾ സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രത്യേകിച്ചും രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതോടെ കോവിഡ് നിയന്ത്രണ വിധേയമല്ലാതെ തുടരുന്നത് അപകട സാധ്യത ഇരട്ടിയാകുമെന്ന ആശങ്കയും വർധിപ്പിക്കുന്നു.

Most Popular