അബുദാബി: അബുദാബിയിൽ വീടുകളിൽ എത്തിയുള്ള സൗജന്യ കോവിഡ് പരിശോധന മൂന്നാം ഘട്ടത്തിലേക്ക് കടന്നു. യുഎഇയിൽ കോവിഡ് രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിലാണ് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ ആരോഗ്യപ്രവർത്തകർ മൂന്നാം തവണയും സൗജന്യ കോവിഡ് പരിശോധനയ്ക്കായി വീടുകൾ കയറി ഇറങ്ങുന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ തുടർപരിശോധന നടത്തി സാമൂഹികവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. യുഎഇയിൽ ഇതുവരെ 95 ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു.
ദേശീയ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുള്ള പരിശോധനയ്ക്ക് പുറമേയാണ് വീടുകളിൽ എത്തിയുള്ള പരിശോധന. രോഗികൾ, സമ്പർക്കത്തിൽ ഏർപ്പെട്ടവർ, തൊഴിലാളികൾ, പോലീസ്, സൈനികർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ, വയോധികർ, ഗർഭിണികൾ, പുരോഹിതർ എന്നിവർക്ക് സൗജന്യമായാണ് കോവിഡ് പരിശോധന നടത്തുന്നത്. ജൂണിലാണ് വീടുകൾ കയറിയുള്ള പരിശോധന ആരംഭിച്ചത്.
ജൂലൈ അവസാന വാരത്തിൽ രണ്ടാം ഘട്ടവും സെപ്റ്റംബർ നാലാം വാരത്തിൽ മൂന്നാം ഘട്ടവും തുടങ്ങി. ടൂറിസ്റ്റ് ക്ലബ്, ഖാലിദിയ, കോർണിഷ്, മുഷ്റിഫ്, എയർപോർട്ട് റോഡ്, സലാം സ്ട്രീറ്റ് തുടങ്ങി നഗരപ്രദേശങ്ങളിലെ കെട്ടിടങ്ങളിലായിരുന്നു ആദ്യ പരിശോധന. ഇപ്പോൾ മുസഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ്, അൽവത്ബ, ഷഹാമ, സംഹ തുടങ്ങി നഗരത്തിനു വെളിയിൽ ജനം തിങ്ങിപ്പാർക്കുന്ന മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. രാവിലെ എട്ടിന് തുടങ്ങുന്ന പരിശോധന ചിലയിടങ്ങളിൽ രാത്രി 10 വരെ തുടരും.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പരിശോധനാ വിധേയമാക്കി രോഗമില്ലെന്ന് ഉറപ്പാക്കുംവരെ പരിശോധന തുടരാനാണ് തീരുമാനമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. മറ്റു എമിറേറ്റിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു 48 മണിക്കൂറിനകം എടുത്ത കോവിഡ് (പിസിആർ/ലേസർ) നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അബുദാബിയിൽ എത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് 14 ദിവസം ക്വാറന്റീനിൽ കഴിയണം.