റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സൗദിയിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു. മൂന്ന് മാസത്തിനിടെ 2.84 ലക്ഷം വിദേശികൾ ഉൾപ്പെടെ നാല് ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്. 1.16 ലക്ഷം സ്വദേശികളും ജോലി നഷ്ടമായവരിൽ ഉൾപ്പെടുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു.
ശമ്പളം വെട്ടിക്കുറച്ചത് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ 60,000 വിദേശികളും 53,000 സ്വദേശികളുമാണ് ജോലി രാജിവെച്ചത്. കമ്പനികൾ തൊഴിൽ കരാർ പുതുക്കാത്തതിനാൽ ജോലി നഷ്ടപ്പെട്ടവരുമേറെ. നിർമാണ മേഖലയിലെയും, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെയും തൊഴിലാളികൾക്കാണ് കൂടുതലായും ജോലി നഷ്ടമായത്.
സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ടവർക്കു പുറമേയുള്ള കണക്കാണിത്. കോവിഡ് കാലത്ത് സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4% ആയി വർധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷമാദ്യം 11.8% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. സൗദിയിലെ 1,36,30,454 ജോലിക്കാരിൽ 23.3 % സ്വദേശികളും 76.7% വിദേശികളുമാണ്. സൗദിയിൽ കോവിഡ് കുറഞ്ഞ്, സാധാരണ ജീവിതം പുനരാരംഭിച്ചു വരുന്നതിനാൽ സമ്പദ്വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുമെന്നും തൊഴിലില്ലായ്മാ നിരക്ക് കുറയുമെന്നുമാണ് ജനങ്ങളുടെ പ്രതീക്ഷ.