Tuesday, May 18, 2021
Home Gulf ഖത്തറില്‍ കോവിഡ് ചട്ടലംഘനം: 49 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കോവിഡ് ചട്ടലംഘനം: 49 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന്  49 പേര്‍ക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാതിരുന്നതിന് 34 പേര്‍ക്കെതിരെയാണ് പൊലീസ് നടപടി. ഇത്തരത്തില്‍ ഇതുവരെ 1,913 പേര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. കാറില്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ പേര്‍ യാത്ര ചെയ്തതിന് 15പേര്‍ക്കെതിരെയുമാണ് ശനിയാഴ്ച നടപടിയുണ്ടായത്.

ഇതുവരെ 128 പേര്‍ക്കെതിരെയാണ് ഈ കുറ്റത്തിന് നടപടിയെടുത്തിരിക്കുന്നത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. നിയമലംഘനം നടത്തുകയാണെങ്കില്‍, സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് അധികൃതര്‍ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവില്‍ കുറ്റക്കാര്‍ക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാല്‍, രണ്ടുലക്ഷം റിയാല്‍ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങള്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണിത്. ഒരേ കുടുംബത്തില്‍ നിന്നുള്ളവരൊഴികെ കാറുകളില്‍ നാല് പേരില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ പാടില്ല.

മാസ്‌ക് ധരിക്കല്‍ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മപ്പെടുത്തുന്നുണ്ട്. മാസ്‌ക് ധരിക്കുമ്പോള്‍ നിങ്ങള്‍ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ് ഭീഷണിയില്‍ നിന്ന് മുക്തമാകും. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക സമൂഹത്തിന്റെ സുരക്ഷക്ക് വേണ്ടിയാണ്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹോം ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുന്നുണ്ട്

Most Popular