Sunday, June 20, 2021
Home Gulf കോവിഡ് നിയമലംഘനം; ഖത്തറില്‍ ദിനംപ്രതി അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

കോവിഡ് നിയമലംഘനം; ഖത്തറില്‍ ദിനംപ്രതി അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ദോഹ: ഖത്തറില്‍ കോവിഡ് നിയമലംഘനങ്ങളില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കോവിഡ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്ത നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി പിടിയിലാകുന്നത്.

ഇന്ന് ഇത്തരത്തില്‍ 170 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്ത് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് അയച്ചു. പ്രധാനമായും ഖത്തറില്‍ കണ്ടു വരുന്ന നിയമലംഘനം പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ്.

കൂടാതെ വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിക്കുന്നതും സമീപ കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒഴികെ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ മാത്രമേ ഒരു വാഹനത്തില്‍ യാത്ര ചെയ്യാവൂ.

അതേസമയം, രാജ്യത്ത് ഇതുവരെ മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയ 3,395 പേരെയും വാഹനത്തിലെ ആളുകളുടെ പരിധി ലംഘിച്ചതിന് 252 പേരെയും പബ്ലിക് പ്രോസിക്യൂഷനില്‍ റഫര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 1990 ലെ 17-ാം നമ്പര്‍ നിയമ പ്രകാരമാണ് നിയമ ലംഘകരെ അറസ്റ്റ് ചെയ്യുന്നത്. പിടിക്കപ്പെടുന്നവര്‍ക്കെതിരെ മൂന്നു വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ചുമത്തും.

അതിനാല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് പാലിക്കുകയും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Most Popular