Friday, August 6, 2021
Home Gulf പള്ളിക്ക് നേരെ നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട തീവ്രവാദ ഗ്രൂപ്പിലെ മൂന്ന് പേർക്ക് വധശിക്ഷ

പള്ളിക്ക് നേരെ നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട തീവ്രവാദ ഗ്രൂപ്പിലെ മൂന്ന് പേർക്ക് വധശിക്ഷ

റിയാദ്: സൗദി അറേബ്യയിലുടനീളം നിരവധി ആക്രമണങ്ങൾ നടത്തിയ ”അൽ ഹരാസത്ത്” എന്നറിയപ്പെടുന്ന തീവ്രവാദ ഗ്രൂപ്പിലെ മൂന്ന് പേർക്ക് റിയാദിലെ പ്രത്യേക ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ആറ് കൂട്ടുപ്രതികൾക്ക് തടവ് ശിക്ഷയും വിധിച്ചു. നാലാമത്തെയും ആറാമത്തെയും പ്രതികൾക്ക് 25 വർഷം വീതമാണ് തടവ്. ബാക്കി നാല് പേരിൽ ഒരാൾക്ക് 16 വർഷമാണ് തടവുശിക്ഷ. ഇയാളൊഴികെ ബാക്കിയെല്ലാവരും സൗദി പൗരന്മാരാണ്.

നാല് വർഷം മുമ്പ് മദീനയിലെ പ്രവാചക പള്ളിക്ക് നേരെ നടത്തിയ ചാവേറാക്രമണത്തിന് പദ്ധതിയിട്ടവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. പള്ളിയുടെ സമീപത്തെത്തിയവരെ കണ്ട് സംശയം തോന്നിയ സുരക്ഷാജീവനക്കാർ ചാവേറുകളെ തടഞ്ഞിരുന്നു. ഇതിനിടെ ശരീരത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ചാവേറുകൾക്കൊപ്പം നാല് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. പള്ളിക്കകത്ത് സ്‌ഫോടനം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.

ഇതുകൂടാതെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തായും മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തതായും കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ശിക്ഷ വിധിച്ചത്. പ്രസ്തുത തീവ്രവാദ ഗ്രൂപ്പ് അംഗങ്ങൾ ഐഎസുമായി ചേർന്ന് രാജ്യത്തിന്റെ സുരക്ഷാ സേനയിലെ അംഗങ്ങളെ വധിക്കാനും ജിദ്ദയിലെ സുരക്ഷാ ആസ്ഥാനം തകർക്കാനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Most Popular