Sunday, April 18, 2021
Home Gulf അതിജീവന സംഗീതത്തിലൂടെ വൈറലായി ഖത്തര്‍ വിദ്യാര്‍ഥിനി മെറില്‍ ആന്‍ മാത്യു (Video Story)

അതിജീവന സംഗീതത്തിലൂടെ വൈറലായി ഖത്തര്‍ വിദ്യാര്‍ഥിനി മെറില്‍ ആന്‍ മാത്യു (Video Story)

ദോഹ : മഹാമാരിയുടെ ദുസ്സഹ സാഹചര്യങ്ങളെ അതിജീവിച്ച് ‘ദേശീ രാഗ്’ എന്ന സന്ദേശഗീതം വന്‍ സ്വീകാര്യത നേടുന്നു. ദേശഭക്തിയോടൊപ്പം യുദ്ധവിരുദ്ധതയും വിഷയമാക്കി നാലു ഭാഷകളില്‍ കോര്‍ത്തിണക്കിയ ഗാനം വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനകം ലക്ഷോപലക്ഷം പേര്‍ വീക്ഷിച്ചു. പ്രശസ്ത സിനിമാതാരം റഹ്‌മാനാണ് ഈ വീഡിയോ ആല്‍ബത്തിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചത്. മലയാളം, തമിഴ്, ഹിന്ദി കൂടാതെ ഇംഗ്ലീഷിലുമായി പ്രശസ്ത ഗായകരായ അഫ്‌സല്‍, വൈഷ്ണവ് ഗിരീഷ് (ഇന്ത്യന്‍ ഐഡല്‍ ഫെയിം), പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവിനുമൊപ്പം ആലപിച്ച, ദോഹയില്‍ നിന്നുള്ള പ്രവാസീ മലയാളി ബാലിക മെറില്‍ ആന്‍ മാത്യു പുതു സംഗീത താരമായി കൈയടി നേടുന്നു.

 

ഖത്തര്‍ ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ഈ പതിനൊന്ന് വയസ്സുകാരി കണ്ണൂര്‍ ആലക്കോട് അറക്കല്‍ മനോജ് മാത്യു – നിഷ വര്‍ഗീസ് ദമ്പതികളുടെ പുത്രിയാണ്. പ്രശസ്ത സംഗീതാധ്യാപകരായ ശങ്കര്‍ ദാസിന്റെയും അഭിലാഷിന്റേയും കീഴില്‍ കര്‍ണാടിക് – വെസ്റ്റേണ്‍ സംഗീതം അഭ്യസിക്കുന്ന മെറില്‍ ആന്‍ മാത്യു നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും നേരത്തെ പാടിയിട്ടുണ്ട്. ‘ദേശീ രാഗി’ന്റെ സംഗീതം സംവിധാനം ഫായിസ് മുഹമ്മദാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍, ഫൗസിയ അബൂബക്കര്‍, തമിഴ് സിനിമയിലെ പ്രശസ്ത ഗാന രചയിതാവായ വല്ലവന്‍ അണ്ണാദുരൈ, ഷാജി ചുണ്ടന്‍ എന്നിവരുടേതാണ് വരികള്‍. പ്രശസ്ത ചലച്ചിത്രതാരം മഞ്ജു വാര്യരാണ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഈ ആല്‍ബത്തിന്റെ അവതരണം.

രാജ്യത്തിന്റെ കാവല്‍ക്കാരായ ധീര ജവാന്മാര്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഈ മ്യൂസിക് ആല്‍ബം. ദേശത്തിന്റെ വിവിധ സംസ്‌കാരങ്ങളെ വളരെ മനോഹരമായി കോര്‍ത്തിണക്കികൊണ്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സാമൂഹ്യ അകലം നിര്‍ബന്ധിതമായ ഇന്നത്തെ സാഹചര്യത്തില്‍ വിര്‍ച്വല്‍ റിയാലിറ്റിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ലോകോത്തര നിലവാരത്തില്‍ ചെയ്ത ഈ വീഡിയോ ആല്‍ബത്തിന്റെ ആശയവും സംവിധാനവും യൂസഫ് ലെന്‍സ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍. സെലെബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ആണ് ആല്‍ബം നിര്‍മിച്ചിട്ടുള്ളത്. മലയാള സിനിമയിലെ നിരവധി പ്രശസ്ത താരങ്ങള്‍ ഈ വീഡിയോ ആല്‍ബത്തിന്റെ പ്രചാരണത്തിനായി പിന്തുണക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗപ്പെടുത്തിയ ആദ്യത്തെ വീഡിയോ ആല്‍ബമാണ് DESI RAAG.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും പിന്നീടുണ്ടായ അതിര്‍ത്തി യുദ്ധങ്ങളിലും ജീവന്‍ ബലിയര്‍പ്പിച്ച സേനാനികളെ അനുസ്മരിച്ചു കൊണ്ടാണ് വീഡിയോ ആല്‍ബം തുടങ്ങുന്നത്. ഒക്ടോബര്‍ രണ്ടിന് ഇന്റര്‍നാഷണല്‍ ആന്റിവയലന്‍സ് ദിനം അനുബന്ധിച്ചു ഇറങ്ങിയ ഈ ദേശഭക്തിഗാനം, ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയമായ അഹിംസയുടെ സന്ദേശങ്ങള്‍ ഉളവാക്കുന്നതാണ്. ‘ആന്റി വാര്‍’എന്ന ആശയത്തിലാണ് വീഡിയോ ആല്‍ബം അവസാനിക്കുന്നത്. മോഹന്‍ലാലിന്റേയും മഞ്ജുവാര്യരുടെയും ശബ്ദത്തിലൂടെയുള്ള അവതരണം ഈ സന്ദേശങ്ങളെ കൂടുതല്‍ വികാരഭരിതമാക്കുന്നുണ്ട്. നാല് ഭാഷകളില്‍ ഹൃദയസപര്‍ശിയായ ഗാനരചനയും വ്യത്യസ്തമായ സംഗീതവും അന്താരാഷ്ട്ര നിലവാരമുള്ള വെര്‍ച്വല്‍ റിയാലിറ്റി ടെക്‌നോളജിയും, വിഷ്വല്‍ ട്രീറ്റ്‌മെന്റും ഈ ആല്‍ബത്തെ വേറിട്ടതാക്കുന്നു.

Most Popular