Thursday, June 17, 2021
Home Gulf ദോഹ-തിരുവനന്തപുരം, ദുബയ്-കണ്ണൂര്‍, ദമാം-കൊച്ചി വിമാനങ്ങള്‍ ഇന്ന്

ദോഹ-തിരുവനന്തപുരം, ദുബയ്-കണ്ണൂര്‍, ദമാം-കൊച്ചി വിമാനങ്ങള്‍ ഇന്ന്

ദുബായ്: ചൊവ്വാഴ്ച ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും ദുബയില്‍നിന്ന് കണ്ണൂരിലേക്കും ദമാമില്‍നിന്ന് കൊച്ചിയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. കഴിഞ്ഞ ദിവസം റദ്ദാക്കിയ വിമാനമാണ് വൈകീട്ട് 4.30ന് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്.

തിങ്കളാഴ്ച ദുബയ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 454 പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിലെത്തിയത് 361 പേരാണ്. 30 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 177 യാത്രക്കാരാണ് ദുബയ്-കൊച്ചി വിമാനത്തില്‍ ഉണ്ടായിരുന്നത്.

പ്രാദേശികസമയം ഉച്ചയ്ക്ക് 1.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഏറെ വൈകി 3.20-നാണ് പുറപ്പെട്ടത്. യാത്രക്കാര്‍ക്ക് ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് ടെസ്റ്റും ശരീരോഷ്മാവ് പരിശോധനയും നടത്തിയിരുന്നു. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് യാത്രാനുമതി നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ആര്‍ക്കും കോവിഡ് ലക്ഷണം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നാട്ടിലെത്തിയപ്പോള്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗര്‍ഭിണികള്‍ക്ക് പുറമേ പ്രായമായവരും കുഞ്ഞുങ്ങളും രോഗികളുമാണ് പ്രധാനമായും വിമാനത്തിലുണ്ടായിരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നും അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് സഹായകമാകുമെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

ബഹ്റൈനില്‍നിന്ന് കരിപ്പൂരിലേക്ക് 184 പേരാണ് എത്തിയത്. നേരത്തേയുണ്ടായിരുന്നതുപോലെ ബഹ്റൈന്‍ വിമാനത്താവളത്തില്‍ ശരീരോഷ്മാവ് പരിശോധന മാത്രമേ ഉണ്ടായിരുന്നുള്ളൂ. റാപ്പിഡ് ടെസ്റ്റ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.

Most Popular