Thursday, August 5, 2021
Home Gulf ആഭ്യന്തര ഉംറ തീർഥാടനം ഒക്ടോബർ നാല് മുതൽ

ആഭ്യന്തര ഉംറ തീർഥാടനം ഒക്ടോബർ നാല് മുതൽ

റിയാദ്: ആഭ്യന്തര ഉംറ തീർഥാടനം ഒക്ടോബർ നാല് മുതൽ പുനരാരംഭിക്കാൻ സൗദി ഭരണാധികാരിയും ഇരുഹറം കാര്യാലയ സേവകനുമായ സൽമാൻ രാജാവ് അനുമതി നൽകി. മൂന്ന് ഘട്ടമായാണ് ഉംറ തീർഥാടനം തുടങ്ങുക. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തീർഥാടകരെ പ്രവേശിപ്പിക്കുക.

ഒക്ടോബർ നാലിന് മൊത്തം ശേഷിയുടെ 30 ശതമാനം പേർക്ക് അനുമതി നൽകിക്കൊണ്ട് ആദ്യഘട്ടം തുടങ്ങും. അന്ന് മുതൽ ഓരോ ദിവസവും ആറായിരം പേർക്ക് ഉംറ നിർവഹിക്കാം. ഒക്ടോബർ 17 വരെ ആറായിരം പേർക്ക് മാത്രമാവും പ്രതിദിനം അനുമതിയുണ്ടാവുക. ഒക്ടോബർ 18 മുതൽ രണ്ടാംഘട്ടം തുടങ്ങും. അന്ന് മൊത്തം ശേഷിയുടെ 75 ശതമാനം, അതായത് 15,000 പേർക്ക് പ്രതിദിനം ഉംറ നിർവഹിക്കാൻ സൗകര്യമൊരുക്കും. ഒക്ടോബർ 30 വരെ ഇത് തുടരും. 40,000 പേർക്ക് മസ്ജിദുന്നബവിയിൽ നമസ്‌കരിക്കാനും അനുമതിയുണ്ടാവും.

മൂന്നാംഘട്ടം നവംബർ ഒന്നിന് ആരംഭിക്കും. അന്ന് മുതൽ എല്ലാവർക്കും ഉംറ ചെയ്യാം. എന്നാൽ, പ്രതിദിനം പരമാവധി 20,000 പേർക്ക് മാത്രമേ ഈ സമയവും അനുമതി നൽകൂ. എന്നാൽ, 60,000 പേർക്ക് ഹറമിലെ നമസ്‌കാരത്തിന് അനുമതി നൽകും. കോവിഡ് മുക്തമാവുന്ന രാജ്യങ്ങൾക്കും ഈ സമയം മുതൽ ഘട്ടംഘട്ടമായി അനുമതി നൽകും. കോവിഡ് പൂർണമായും ഇല്ലാതായതിന് ശേഷമേ എല്ലാ വിദേശരാജ്യങ്ങളിലുള്ളവർക്കും ഉംറയ്ക്ക് അനുമതിയുണ്ടാവൂ. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ ക്രമീകരണം.

Most Popular