
കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് ഡിസംബര്‍ ഏഴുമുതല്‍ മടങ്ങി വരാന്‍ അനുമതി; ആദ്യ പരിഗണന ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക്
കുവൈത്ത് സിറ്റി: ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് ഡിസംബര്‍ ഏഴുമുതല്‍ മടങ്ങി വരാന്‍ മന്ത്രിസഭ അനുമതി നല്കി. രണ്ടാഴ്ച ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ ഇരിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നല്‍കിയത്. നിലവില്‍ കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് ആദ്യഘട്ടത്തില്‍ കൊണ്ടുവരിക.
തിരികെയെത്തുന്നവരുടെ വിമാന ടിക്കറ്റിന്റെയും ക്വാറന്റൈനിന്റെയും ചെലവ് സ്പോണ്സര് ആണ് വഹിക്കേണ്ടത്. കൊവിഡ് പരിശോധന സര്‍ക്കാര്‍ ചെലവില്‍ നടത്തും. സ്പോണ്സര് വഹിക്കേണ്ട ചെലവ് രണ്ടു തവണയായി നല്കിയാല് മതിയാവും എന്നാണ് വിവരം.
വിമാന ടിക്കറ്റ് തുക ആദ്യം നല്‍കുകയും ക്വാറന്റൈന് ചെലവ് തൊഴിലാളി ഇവിടെ എത്തിയതിന് ശേഷവും നല്‍കുക എന്ന രീതിയിലാണ് ക്രമീകരണം. ഡിസംബര്‍ ഏഴുമുതല്‍ വരാന്‍ മന്ത്രിസഭ അനുമതി നല്കിയ സ്ഥിതിക്ക് ഇനി ബന്ധപ്പെട്ട വകുപ്പുകള്‍ അതനുസരിച്ച് പദ്ധതി തയ്യാറാക്കും. അവധിക്ക് നാട്ടില്‍ പോയ ഗാര്‍ഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കാനാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി പദ്ധതി തയാറാക്കിയത്.
തിരികെയെത്താന്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്കാണ് ആദ്യ പരിഗണന. ഇഖാമ കാലാവധിയുള്ളവരെയാണ് ആദ്യഘട്ടത്തില്‍ വരാന്‍ അനുവദിക്കുക. ഇതിനായി സ്പോണ്‍സര്‍മാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. കുവൈത്ത് എയര്‍വെയ്സ്, ജസീറ എയര്‍വെയ്സ് എന്നീ വിമാനങ്ങളാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. സ്പോണ്സര്മാര്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അടുത്ത ദിവസം തയാറാക്കും.
പ്രതിദിനം 600 വരെ ജോലിക്കാരെ കൊണ്ടുവരാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. അവധിക്ക് നാട്ടില്‍ പോയ വീട്ടുജോലിക്കാര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചുവരാന്‍ കഴിയാത്തത് ഈ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കിയത്. ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, മാന്‍പവര്‍ അതോറിറ്റി എന്നിവ ചേര്‍ന്നാണ് തൊഴിലാളികളുടെ മടങ്ങിവരവിന് പദ്ധതി തയ്യാറാക്കുക.
അതേസമയം, കുവൈത്തിലെത്തുന്ന ഗാര്‍ഹികത്തൊഴിലാളികളുടെ ക്വാറന്റൈന് ഒരാഴ്ചയായി കുറക്കണമെന്ന നിര്‍ദേശം ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. നിലവില്‍ കുവൈത്തില്‍ താമസിക്കുന്നവരെ കോവിഡില്‍നിന്ന് രക്ഷിക്കാനാണ് രണ്ടാഴ്ച നിര്‍ബന്ധിത ക്വാറന്റൈന് നിര്‍ദേശിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കാലയളവില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി നല്‍കും.