Wednesday, September 22, 2021
Home Gulf ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ പുരസ്‌കാരം സമ്മാനിച്ചു

ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ പുരസ്‌കാരം സമ്മാനിച്ചു

റിയാദ്: പ്രമുഖ ഇന്ത്യൻ വ്യവസായിയും സാമൂഹ്യപ്രവർത്തകനും ഇറാം ഗ്രൂപ്പ് ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ പുരസ്‌കാരം സൗദിയിലെ ഇന്ത്യൻ അംബാസ്സഡർ ഡോ. ഔസാഫ് സയ്യിദ് സമ്മാനിച്ചു. റിയാദ് ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടന്ന പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ ചടങ്ങിലാണ് പ്രവാസി ഇന്ത്യക്കാരന് ലഭിക്കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ ഡോ. സിദ്ദീഖ് അഹമ്മദ് ഏറ്റുവാങ്ങിയത്. ഡൽഹിയിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ നടക്കേണ്ടിയിരുന്ന പുരസ്കാരദാനം കോവിഡ് പ്രതിരോധ പശ്ചാത്തലത്തിൽ റിയാദിലെ ഇന്ത്യൻ എംബസ്സിയിലേക്ക് മാറ്റുകയായിരുന്നു.

 

ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരും സൗദി ഇന്ത്യൻ പൗരപ്രമുഖരും മാധ്യമപ്രവർത്തകരും സൗദിയിൽ നിന്നും മുൻപ് പ്രവാസി ഭാരതീയ സമ്മാൻ നേടിയിട്ടുള്ളവരും ചടങ്ങിൽ പങ്കെടുത്തു. പ്രവാസി വ്യവസായ രംഗത്ത് നേടിയ മികവും ജീവകാരുണ്യ പ്രവർത്തനരംഗത്ത് നൽകിയിട്ടുള്ള സംഭാവനകളും കണക്കിലെടുത്താണ് ഡോ. സിദ്ദീഖ് അഹമ്മദിനെ പുരസ്‌കാരത്തിന് തെരെഞ്ഞെടുക്കപ്പെട്ടതെന്ന് ചടങ്ങിൽ അംബാസ്സഡർ ഡോ. ഔസാഫ് സയ്യിദ് പറഞ്ഞു. സമൂഹനന്മക്കുകതകുന്ന രീതിയിൽ വ്യവസായരംഗത്ത് ഓരോ ചുവടുവെയ്പ്പും നടത്തുന്ന ഡോ. സിദ്ദീഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇറാം ഗ്രൂപ്പിന്റെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നേടിയിട്ടുള്ള ഈ – ടോയ്‌ലെറ്റ് പദ്ധതി ഇതിനൊരു മികച്ച ഉദാഹരണമാണ്. സൗദി അറേബ്യയിൽ അനേകം കമ്പനികളിൽ നേരിട്ട് നിക്ഷേപം നടത്തിയിട്ടുള്ള ഇറാം ഗ്രൂപ്പ് സൗദിവത്ക്കരണം മികച്ച രീതിയിലാണ് നടപ്പാക്കുന്നതെന്നും അംബാസ്സഡർ പറഞ്ഞു. മുൻ വർഷങ്ങളിൽ പ്രവാസി ഭാരതീയ പുരസ്‌കാരം നേടിയ ശിഹാബ് കൊട്ടുകാട്, സീനത്ത് ജാഫ്രി, ഡോ.കരിമുദ്ദീൻ എന്നിവരും സിറാജ് വഹാബും ആശംസകൾ നേർന്ന് സംസാരിച്ചു. ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി റീതു യാദവ് പരിപാടി നിയന്ത്രിച്ചു.

Most Popular