Thursday, July 29, 2021
Home Gulf 'ആ മുഖങ്ങളിൽ ഞാൻ ദൈവത്തെ കണ്ടു' അർബുദ രോഗിയുടെ 1,00,000 ദിർഹം ബില്ല് എഴുതിത്തള്ളി ദുബായിലെ...

‘ആ മുഖങ്ങളിൽ ഞാൻ ദൈവത്തെ കണ്ടു’ അർബുദ രോഗിയുടെ 1,00,000 ദിർഹം ബില്ല് എഴുതിത്തള്ളി ദുബായിലെ ആശുപത്രി

ദുബായ്: കോവിഡ് കാലം പ്രതിസന്ധയിലാക്കിയത് ലോകമെമ്പാടുമുള്ള നിരവധി ജീവിതങ്ങളാണ്. വരുമാനം പോലും നിലച്ച കാലം. അത്തരമൊരു സമയത്ത് പണത്തിനും മുകളിൽ മനുഷ്യത്വത്തെ കണ്ടെത്തിയ ചിലരുണ്ട്. അത്തരം ഒരു അനുഭവം പറയുകയാണ് ഇന്ത്യാക്കാരിയും ദുബായിൽ താമസക്കാരിയുമായ ദീപ വസന്ദനി.

അർബുദ രോഗിയായ മാതാവിന്റെ ചികിത്സയ്ക്ക് സഹായിച്ചവർ. സാധാരണക്കാർ മുതൽ ദുബായ് ഡോക്ടർമാർ വരെ. ഇന്ത്യക്കാർ മുതൽ സ്വദേശികൾ വരെ. അതിൽ ഒരു ലക്ഷം ദിർഹത്തിന്റെ ബില്ല് അടയ്ക്കാതെ മാതാവിനെ ഡിസ്ചാർജ് ചെയ്യാൻ സന്മനസ്സ് കാണിച്ച ആശുപത്രി അധികൃതരുടെ കാര്യം ഈ സാഹചര്യത്തിൽ എടുത്തു പറയേണ്ടതുണ്ട്. ഷാർജയിൽ താമസിക്കുന്ന 73കാരിയായ ഇന്ത്യക്കാരിക്ക് ദുബായിലെ ആശുപത്രിയിൽ നടത്തിയ അർബുദ ചികിത്സയുടെ കഥയാണിത്. മാതാവിന് മികച്ച ചികിത്സ ഉറപ്പാക്കാൻ കൂടെ വന്ന ഏകമകൾ ദീപ വസന്ദനിയാണ് തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.

ദീപ വസന്ദനിയും കുടുംബവും ഷാർജ നിവാസികളാണ്. മെയിന്റനൻസ് ജോലിക്കാരനായ ഭർത്താവിനൊപ്പം കഴിയുന്ന ഇവർ ടൈലറിംഗ്, ഡ്രൈക്ലീനിംഗ് എന്നിവ ചെയ്ത് നൽകുന്ന ഷോപ്പും നടത്തിയിരുന്നു. 4,200 ദിർഹം ശമ്പളം ലഭിക്കുന്ന ഭർത്താവിന് മാത്രമാണ് സ്ഥിരവരുമാനമുള്ളത്. ഇതിൽ 2,000 വാടകയിനത്തിലും ചെലവ് വരുന്നുണ്ട്. ഇതിനിടെയാണ് ജീവിതം പോലും പ്രതിസന്ധിയിലാക്കുന്ന ആശുപത്രി ബില്ല് ലഭിച്ചത്.

ഇന്ത്യയിലായിരുന്നു ദീപയുടെ മാതാവ് വീണ കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് രോഗം കണ്ടെത്തുന്നത്. പിന്നാലെ ചികിത്സയ്ക്കായി വീടുൾപ്പെടെ വിൽക്കേണ്ടി വന്നു. ശേഷമാണ് ദുബായിലേക്ക് കൊണ്ട് വന്നത്.

വിസിറ്റിംഗ് വിസയിലായിരുന്നു ദീപ മാതാവിനെ ദുബായിലെത്തിച്ചത്. പിന്നാലെ റസിഡന്റ് വിസയ്ക്കായി ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇത് ബുദ്ധിമുട്ടാണെന്ന് താമസിയാതെ തിരിച്ചറിഞ്ഞു. ട്രാവൽ ഇൻഷുറൻസിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. പിന്നാലെയാണ് ലോകമെമ്പാടും കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്നത്. ഇതോടെ ഷോപ്പ് അടയ്‌ക്കേണ്ട സാഹചര്യം വന്നു. വരുമാനം നിലച്ചതോടെ ജീവനക്കാരെയും പിരിച്ച് വിട്ടു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ എല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടായെന്നും ദീപ പറയുന്നു. ഖലീജ് ടൈംസിനോടായിരുന്നു ദീപയുടെ പ്രതികരണം.

ഇതിനിടെയാണ് വിവിധ രോഗാവസ്ഥകളാൽ വീണയെ ദുബായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ ചികിത്സയ്ക്ക് അവശ്യമായ പണം വെല്ലുവിളിയായിരുന്നു. മരുന്നുകൾ ആവശ്യമായി വരുന്ന സാഹചര്യത്തിലെല്ലാം ആശുപത്രി ജീവനക്കാരോ എമിറേറ്റ് സ്വദേശിയോ അറബ് പൗരനോ സഹായവുമായി എത്തും. അത്തരത്തിൽ അജ്ഞാതരിൽ നിന്ന് പലപ്പോഴായി സഹായം ലഭിച്ചു.

ഇതിന് പുറമെ ഡോക്ടർമാരും നഴ്‌സുമാരും സഹായങ്ങൾ ചെയ്തു. പണമില്ലാതെയാണ് ചികിത്സയ്ക്കുന്നത് എന്ന കാരണത്താൽ അവർ ഒരിക്കലും മുഖം കറുപ്പിച്ചില്ല, ചികിത്സ നിർത്തിയില്ല. ഒരിക്കൽ രണ്ട് നഴ്സുമാരാണ് മരുന്ന് വാങ്ങാൻ പണം തന്നത്. 250 ഡോളർ വീതമായിരുന്നു സഹായം. അവർ കീമോതെറാപ്പിക്ക് സൗജന്യ കുത്തിവയ്പ്പുകൾ വാഗ്ദാനം ചെയ്തു. ചില അഭ്യുദയകാംക്ഷികളും അജ്ഞാതരും ഇന്ത്യയിൽ നിന്നുള്ള മരുന്നുകളും എത്തിച്ചു നൽകി.

‘ഒരിക്കൽ, ഒരു ഫാർമസിസ്റ്റ് ബില്ലടയ്ക്കാൻ അവരുടെ ക്രെഡിറ്റ് കാർഡ് പോലും നൽകി. ഒരു സ്വദേശി വനിത ബില്ലടക്കാനായി ധനസമാഹരണം  നടത്തി 50 ദിർഹം ശേഖരിച്ചു നൽകി. എന്നിട്ടും ആശുപത്രിയിലെ മറ്റ് ബില്ലുകൾ 1,00,000 ദിർഹത്തിൽ എത്തിയിരുന്നു. പക്ഷേ, ബില്ലടക്കാതെ തന്നെ അമ്മയെ ഡിസ്ചാർജ് ചെയ്യാൻ അവർ എന്നെ അനുവദിച്ചു. ആ മുഖങ്ങളിൽ ഞാൻ ദൈവത്തെ കാണുകയായിരുന്നു. തനിക്ക് തന്ന സ്‌നേഹത്തിന് നഴ്സുമാർക്ക് 150 ഗൗണുകൾ തുന്നി നൽകും. എനിക്ക് അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം മാത്രമാണിത്’ ദീപ പറഞ്ഞു.

ഇതിനിടെ സന്ദർശക വിസയിലെത്തിയ മാതാവിന് മടങ്ങേണ്ട സമയം അടുത്തു. ഇതോടെ ആഗസ്റ്റ് 7 വെള്ളിയാഴ്ച രോഗിയായ അമ്മയെ ന്യൂഡൽഹിയിലേക്ക് തിരിച്ചയക്കാൻ ദീപ നിർബന്ധിതയായി. എന്നാൽ രോഗിയായ മാതാവിന് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ബിസിനസ് ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ  താലിമാല പോലും വിറ്റ് പണം കണ്ടെത്തേണ്ടി വന്നു. കെട്ടിട കാവൽക്കാരൻ ഉൾപ്പെടെ അറിയാവുന്ന എല്ലാവരിൽ നിന്നും കടം വാങ്ങി. ഈയിനത്തിൽ മാത്രം 25,000 ദിർഹത്തോളം കടമുണ്ട്.

അമ്മയെ നാട്ടിലേക്ക് അയച്ചു, പക്ഷേ ഇന്ത്യയിൽ എങ്ങനെയായിരിക്കും അവരുടെ സ്ഥിതിയെന്ന് ദീപയ്ക്ക് ഇപ്പോഴും നിശ്ചയമില്ല. എന്നാൽ, അവർക്ക് മുന്നിൽ മറ്റ് മാർഗമില്ലായിരുന്നു. ‘എന്റെ അമ്മയെ പരിപാലിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അവരെ തിരിച്ചയക്കേണ്ടി വന്നതിൽ കുറ്റബോധമുണ്ട്. പക്ഷേ ആകെ തകർന്ന അവസ്ഥയാണ്. ഒരു ജോലി കണ്ടെത്തിയാൽ കാര്യങ്ങൾ ശരിയാക്കാൻ കഴിയും എന്ന് പ്രതീക്ഷയുണ്ട്. ദീപ പറയുന്നു.

Most Popular