ദുബായ്: കോവിഡ് പ്രതിസന്ധിയിലും ‘ബസ് ഓൺ ഡിമാൻഡ്’ സേവനം വൻവിജയമായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഫെബ്രുവരി മുതൽ സെപ്തംബർ വരെ അഞ്ച് മേഴ്സിഡസ് സ്പ്രിന്റർ ബസുകൾ 84009 സർവീസുകളാണ് നടത്തിയതെന്ന് ആർടിഎ പൊതുഗതാഗത ഏജൻസി ആസൂത്രണ ബിസിനസ് വികസന ഡയറക്ടർ അദേൽ ഷാകേരി പറഞ്ഞു.
ബുക്ക് ചെയ്താൽ യാത്രക്കാരെ തേടി ബസ് അരികിലെത്തുന്ന സംവിധാനമാണിത്. പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട സംവിധാനത്തിന് ആവശ്യക്കാർ കൂടിയതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. യുനൈറ്റഡ് ട്രാൻസ് ഓപ്പറേറ്ററുമായി ഏകോപിപ്പിക്കുന്ന സേവനം 2019ൽ അൽ ബർഷയിലാണ് തുടക്കമിട്ടത്. പിന്നീട് ദുബായ് ഇന്റർനെറ്റ് സിറ്റിയിലേക്കും സേവനം വ്യാപിപ്പിച്ചു.
ബസ് ഓൺ ഡിമാൻഡ് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്താൽ സർവീസ് നടത്തുന്ന ബസുകളുടെ വിവരങ്ങളും റൂട്ടും ലഭിക്കും. ഇതിൽ പോകേണ്ട സ്ഥലവും ബസിൽ കയറുന്ന സ്ഥലവും രേഖപ്പെടുത്തി പണമടച്ചാൽ യാത്രക്കാരനെ തേടി ബസ് അരികിലെത്തും. 18 പേർക്ക് സഞ്ചരിക്കാവുന്ന ബസുകളാണിത്. മെട്രോ സേവനം ലഭ്യമല്ലാത്തയിടങ്ങളിലേക്ക് സേവനം കൂടുതൽ പ്രയോജനപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.