ദുബൈയില്‍ പരിശോധനകള്‍ കര്‍ശനമാക്കി; 20 ടൂറിസം സെന്ററുകള്‍ അടച്ചുപൂട്ടി

ദുബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമാക്കി ദുബൈ അധികൃതര്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 20 സ്ഥാപനങ്ങള്‍ കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ ദുബൈ ടൂറിസം അധികൃതര്‍ അടച്ചുപൂട്ടിയതായി ദുബൈ മീഡിയാ ഓഫീസ് അറിയിച്ചു.

പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഇരുനൂറോളം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസുകളും നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് മൂവായിരത്തിലധികമായി ഉയര്‍ന്നതോടെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുകയാണ് അധികൃതര്‍. ബുധനാഴ്ച മാത്രം അഞ്ച് കടകള്‍ ദുബൈ മുനിസിപ്പാലിറ്റി പൂട്ടിച്ചു. സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനായിരുന്നു ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ നാല് സ്റ്റാളുകളും ഹോര്‍ ആല്‍ അന്‍സിലെ ഒരു ലോണ്‍ട്രിയും പൂട്ടിച്ചത്. മറ്റ് എട്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 38 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. ദുബൈ ഇക്കണോമി അധികൃതര്‍ നടത്തിയ പരിശോധനയിലും രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിച്ചു. 32 സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.