ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയം സംഘടിപ്പിച്ച ഭാഗ്യചിഹ്ന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഫിലിപ്പീന് ഗ്രാഫിക് ഡിസൈനറായ ഗ്ലയോര്ഡ് ചോയ് സലോംഗ ഒരുക്കിയ ‘ഡുഗോങ്’ അഥവാ കടല്പശുവാണ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത്. ദേശീയ മ്യൂസിയത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രാദേശിക, രാജ്യാന്തര ഡിസൈനര്‍മാര്‍ക്കായി ഡിസൈന്‍ മത്സരം സംഘടിപ്പിച്ചത്. ഡിസൈന്‍ മത്സരത്തിലേക്ക് 40 സൃഷ്ടികളാണ് എത്തിയത്. ദേശീയ മ്യൂസിയത്തിന്റെ ഐഡന്റിറ്റി, ഖത്തരി സാംസ്കാരികവുമായി ബന്ധപ്പെട്ടത്, സൗന്ദര്യവും ആകര്‍ഷണീയതയും, പരിസ്ഥിതി ബോധവത്കരണം തുടങ്ങിയ മാനദണ്ഡങ്ങള്‍ ആധാരമാക്കിയാണ് ഏറ്റവും മികച്ച സൃഷ്ടി ജൂറി തിരഞ്ഞെടുത്തിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുകയാണെന്ന് ദേശീയ മ്യൂസിയം മേധാവി ശൈഖ അംന ബിന്ത് അബ്ദുല്‍ അസീസ് ആല്‍ഥാനി പറഞ്ഞു.
7500 വര്‍ഷത്തിലേറെയായി ഖത്തരി സമുദ്രത്തില്‍ വസിക്കുന്ന ജല സസ്തനിയാണ് ഡുഗോങ് (കടല്‍പ്പശു). മ്യൂസിയത്തിന്റെ സുസ്ഥിരതയും പരിസ്ഥിതി ബോധവത്കരണ പ്രാധാന്യത്തെയുമാണ് ഡുഗോങ്ങിനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തതിലൂടെ പ്രതിഫലിക്കുന്നത്. ആസ്ട്രേലിയ കഴിഞ്ഞാല്‍ ഖത്തര്‍ തീരങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം കടല്പ്പശുക്കളുള്ളത്. ഏഷ്യയിലെയും കിഴക്കനാഫ്രിക്കയിലെയും തീരപ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. ഖത്തറില്‍ മാത്രം ഈയിടെ നടത്തിയ പഠനത്തില്‍ 600-700 ഡുഗോങ്ങുകളെ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. മത്സ്യബന്ധനം, കപ്പലുകളുടെ നീക്കം, മലിനീകരണം എന്നിവ കാരണം ഡുഗോങ്ങുകളുടെ നിലനില്പുതന്നെ അപകടത്തിലാണ്.
എക്സോണ്‍ മൊബീല്‍ റിസര്‍ചുമായി സഹകരിച്ച് കടല്‍പ്പശുക്കളെക്കുറിച്ച് ദേശീയ മ്യൂസിയത്തില്‍ പ്രത്യേക പ്രദര്‍ശനം നടത്താനുള്ള തയാറെടുപ്പിലാണ് ഭാരവാഹികള്‍. അതിന്റെ ഭാഗമായിക്കൂടിയാണ് ഡിസൈന്‍ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് പുറമേ, തിരഞ്ഞെടുക്കപ്പെടുന്ന രൂപരേഖക്ക് വന്‍ മാധ്യമപ്രചാരമാണ് ലഭിക്കുന്നത്. ഖത്തര്‍ മ്യൂസിയം ചെയര്പേഴ്സന് ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ആല്‍ഥാനി, ദേശീയ മ്യൂസിയം ഡയറക്ടര്‍ ശൈഖ അംന ബിന്ത് അബ്ദുല്‍ അസീസ് ബിന്‍ ജാസിം ആല്‍ഥാനി എന്നിവരുടെ അംഗീകാരവും ലഭിക്കും. സൗജന്യ കള്‍ചറല്‍ പാസ് അംഗത്വം, ദേശീയ മ്യൂസിയം ഗിഫ്റ്റ് ഷോപ്പില്‍ നിന്നുള്ള സമ്മാന പാക്കേജ് എന്നിവയും വിജയിക്ക് ലഭിക്കും. ഖത്തറിന് പുറത്തുനിന്നുള്ള സൃഷ്ടിയാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ഖത്തറില്‍ വന്ന് സന്ദര്‍ശനം നടത്തി തിരിച്ച് പോകാനുള്ള ടിക്കറ്റും അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു.