ഈജിപ്ത്-ഖത്തര്‍ വിമാന സര്‍വീസ് ഈ മാസം 18 മുതല്‍; ചരക്കു ഗതാഗതവും ഉടന്‍ തുടങ്ങും

ദോഹ : ഈജിപ്തില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ മാസം 18ന് തുടക്കമാകും. ഈജിപ്ത് എയറിന്റെ ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ 18 മുതല്‍ തുടങ്ങാനാണ് പദ്ധതിയെന്ന് ഈജിപ്ത് ഏവിയേഷന്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈജിപ്ത് എയര്‍ ഖത്തറിലേക്ക് പ്രതിദിന സര്‍വീസുകള്‍ നടത്തും. കെയ്റോയില്‍ നിന്നും ദിവസേനയും അലക്സാണ്ട്രിയയില്‍ നിന്നും ആഴ്ചയില്‍ നാലു തവണയും സര്‍വീസ് ഉണ്ടാകും. ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ചരക്കു ഗതാഗതവും ഉടന്‍ സാധ്യമാകും.

ഖത്തര്‍ എയര്‍വേയ്സും അധികം താമസിയാതെ ദോഹ-ഈജിപ്ത് സര്‍വീസ് തുടങ്ങുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈജിപ്ത് ഖത്തറിനു മേലുള്ള വ്യോമവിലക്ക് നീക്കിയത്. സൗദി അറേബ്യയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യോമഗതാഗതം പുന:സ്ഥാപിച്ചത്.