Saturday, July 24, 2021
Home Gulf റുവൈസിലും മുസഫയിലും എംബസി സേവനം പുനരാരംഭിച്ചില്ല; പ്രവാസികൾ വലയുന്നു

റുവൈസിലും മുസഫയിലും എംബസി സേവനം പുനരാരംഭിച്ചില്ല; പ്രവാസികൾ വലയുന്നു

അബുദാബി: കോവിഡ് പ്രതിസന്ധിയിൽ റുവൈസിലും മുസഫയിലും നിർത്തിവച്ച എംബസി സേവനം ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും പുനരാരംഭിക്കാത്തത് ഈ മേഖലയിലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ വലയ്ക്കുന്നു. വിവിധ കോൺസൽ സേവനങ്ങൾക്കായി ഇവിടെയുള്ളവർ അവധി എടുത്ത് മണിക്കൂറുകളോളം സഞ്ചരിച്ച് നഗരത്തിൽ പോയാണ് ചെയ്യുന്നത്. റുവൈസിൽ നിന്ന് 265ലേറെ കിലോമീറ്റർ അകലെയാണ് അബുദാബി സലാം സ്ട്രീറ്റിലെ ബിഎൽഎസ് സെന്റർ.

സ്വന്തം വാഹനമുള്ളവർക്ക് ഇവിടെത്തി പാസ്‌പോർട്ട് സേവനം നടത്തി തിരിച്ചുവരാൻ യാത്രയ്ക്കു മാത്രം അഞ്ച് മണിക്കൂറെടുക്കും. പാസ്‌പോർട്ട് കേന്ദ്രത്തിലെ സേവനസമയം കൂടി കണക്കിലെടുത്താൽ ഒരു ദിവസം മുഴുവൻ ഇതിനായി മാറ്റി വെച്ചേ പറ്റൂ. സാങ്കേതിക പ്രശ്‌നം മൂലം നടപടിക്രമം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും മറ്റൊരു ദിവസം അവധിയെടുത്ത് ഇതേ യാത്ര നടത്തണം. രാവിലെ എട്ടിന് എത്തിയാൽ പോലും ടോക്കൺ ലഭിക്കാത്ത അവസ്ഥയും.

സമീപത്തെ പാർക്കിൽ കിടന്ന് പുലർച്ചെ കാത്തുനിന്ന് ടോക്കൺ എടുക്കുന്നവരുമുണ്ട്. വെള്ളിയാഴ്ചകളിൽ നേരത്തെ റുവൈസിൽ ലഭിച്ചിരുന്ന സേവനം പുനരാരംഭിച്ചാൽ മേഖലയിലെ നൂറുകണക്കിനു ഇന്ത്യക്കാർക്ക് ആശ്വാസമാകും. അവധി എടുക്കുന്നതും നഗരത്തിലേക്കുള്ള യാത്രാ ചെലവും ഇതിലൂടെ ഒഴിവാക്കാം. യുഎഇ, സൗദി അതിർത്തി പ്രദേശമായ ഗുവൈഫാത്തിലും മറ്റും ജോലി ചെയ്യുന്നവരും പാസ്‌പോർട്ട് സേവനങ്ങൾക്കായി റുവൈസിലെ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.

Most Popular