
ഖത്തറില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ കമ്പനികള്‍ മാറുന്നത് തടയാന്‍ നിര്‍ദേശവുമായി തൊഴിലുടമകള്‍
ദോഹ: രാജ്യത്ത് പുതിയ തൊഴില്‍ നിയമം വന്നതോടെ തൊഴിലാളികള്‍ കൂട്ടത്തോടെ കമ്പനി മാറുന്നത് തടയാന്‍ നിര്‍ദേശങ്ങളുമായി തൊഴിലുടമകള്‍ . പ്രാദേശിക പത്രമാണ് ഇതുമായി ബന്ധപ്പെട്ട കമ്പനി ഉടമകളുടെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ഇക്കാര്യത്തില്‍ വലിയ സാമ്പത്തിക നഷ്ടമാണ് തൊഴിലുടമകള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഒരു തൊഴിലാളി കമ്പനി മാറുന്നുണ്ടെങ്കില്‍ മിനിമം രണ്ട് മാസം മുമ്പെങ്കിലും ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് കമ്പനി ഉടമക്ക് നല്കാന് ബാധ്യസ്ഥരാക്കുന്ന നിയമം കൊണ്ടുവരണം. ഇതിന് സമാനമായി പിരിഞ്ഞു പോയ തൊഴിലാളിയുടെ അതേ രാജ്യത്തു നിന്നുള്ള ഒരാളെ തന്നെ ജോലിക്കെടുക്കണമെന്ന നിബന്ധന പിന്‍വലിക്കപ്പെടേണ്ടതുണ്ട്. അതേസമയം, ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക് അടക്കമുള്ള ബാങ്കുകള്‍ക്ക് മേലുള്ള നടപടിക്രമങ്ങളില്‍ രാജ്യത്തെ വലിയ കമ്പനികളെയും താരതമ്യേന ചെറിയ കമ്പനികളെയും സാമാന്യവല്‍കരിക്കുന്നത് ഒഴിവാക്കണം എന്നും തൊഴിലുടമകള്‍ ആവശ്യപ്പെട്ടു.
കൊവിഡ് രാജ്യത്തെ ചെറുകിട കമ്പനികള്‍ക്കാണ് ഏറ്റവുമധികം പരിക്കേല്‍പ്പിച്ചിരിക്കുന്നത് എന്നത് തിരിച്ചറിയണം. വളരെ കുറഞ്ഞ കാലത്തേക്ക് വിദഗ്ധരും സമര്‍ത്ഥരുമായ തൊഴിലാളികള്‍ കമ്പനി മാറിയാല്‍ അവരെ റീപ്ലെസ് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ മനസിലാക്കണം. ഇതുമൂലം കമ്പനിക്ക് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടവും സമയ നഷ്ടവും വളരെ വലുതാണെന്നും കമ്പനി ഉടമകള്‍ പ്രാദേശിക പത്രത്തോടു പറഞ്ഞു.