ദുബൈ: യു.എ.ഇയിലെ ഓഫീസിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ആറ് മാസം ജയില്‍ ശിക്ഷ. തനിക്ക് കിട്ടാനുള്ള പണം തൊഴിലുടമ നല്കിയില്ലെന്നാരോപിച്ചാണ് ദുബൈയിലെ റെഫാ ഏരിയയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസിലെത്തി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മാനേജരായി ജോലി ചെയ്തിരുന്ന 27 വയസുകാരനാണ് ഭീഷണി മുഴക്കിയിരുന്നത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചത്. പെട്രോളുമായി ഓഫീസിലെത്തിയ യുവാവ് തൊഴിലുടമ തരാനുള്ള കുടിശ്ശിക പണം തന്നില്ലെങ്കില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തിപ്പോള്‍ പെട്രോളുമായി അവിടെ നില്ക്കുന്ന യുവാവിനെ കണ്ടെന്നും പണം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കി. ദുബൈ പബ്ലിക് പ്രോസിക്യൂഷന് ഇയാള്‍ക്കെതിരെ ആത്മഹത്യാ ഭീഷണിക്കാണ് കുറ്റം ചുമത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.അതേസമയം, ഈ പ്രവാസിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല