News Flash
X
വിദേശകാര്യ മന്ത്രിക്കു മുന്നില്‍ ആവശ്യങ്ങള്‍ നിരത്തി പ്രവാസി സംഘടനകള്‍

വിദേശകാര്യ മന്ത്രിക്കു മുന്നില്‍ ആവശ്യങ്ങള്‍ നിരത്തി പ്രവാസി സംഘടനകള്‍

personTF access_timeMonday November 30, 2020
HIGHLIGHTS
യു.എ.ഇ സന്ദര്‍ശനത്തിനുശേഷം മടങ്ങിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ യു.എ.ഇയിലെയും ബഹ്‌റൈനിലെയും പ്രവാസി സംഘടനകളുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി

ദുബൈ: യു.എ.ഇ സന്ദര്‍ശനത്തിനുശേഷം മടങ്ങിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ യു.എ.ഇയിലെയും ബഹ്‌റൈനിലെയും പ്രവാസി സംഘടനകളുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി.

പ്രവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവരുടെ ആവശ്യങ്ങളും സംഘടന പ്രതിനിധികള്‍ മന്ത്രിയെ ധരിപ്പിച്ചു. കെ.എം.സി.സി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മറ്റ് എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകള്‍, മലയാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി.

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും വിദേശരാജ്യങ്ങളില്‍ ഇത്തരം പ്രചാരണം നടത്തുന്നത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ ബാധിക്കുമെന്നും സംഘടനകള്‍ ഇത് പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

നീറ്റ് പരീക്ഷക്ക് യു.എ.ഇയില്‍ സെന്റര്‍ വേണമെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സൗകര്യമൊരുക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം.

ഏജന്റുമാരുടെ വഞ്ചനയില്‍പെട്ട് പ്രവാസലോകത്തെത്തുന്ന ജോലിക്കാരെയും ഗാര്‍ഹിക തൊഴിലാളികളെയും സംരക്ഷിക്കണമെന്നും അവര്‍ ചതിയില്‍പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. മന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സംഘടന പ്രതിനിധികളുമായി സംസാരിച്ചത്. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍കൈയെടുത്തായിരുന്നു പരിപാടി.

SHARE :
folder_openTags
content_copyCategory