Friday, May 14, 2021
Home Gulf പ്രവാസികള്‍ നാളെ മുതല്‍ തിരിച്ചെത്തും; കൊറോണ പരിശോധന സംബന്ധിച്ച് ഇപ്പോഴും അവ്യക്തത; അവസാന നിമിഷം ഷെഡ്യൂള്‍...

പ്രവാസികള്‍ നാളെ മുതല്‍ തിരിച്ചെത്തും; കൊറോണ പരിശോധന സംബന്ധിച്ച് ഇപ്പോഴും അവ്യക്തത; അവസാന നിമിഷം ഷെഡ്യൂള്‍ മാറ്റം

ദോഹ: വിമാന സര്‍വീസ് റദ്ദാക്കിയത് മൂലം രണ്ട് മാസത്തോളമായി വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ നാളെ മുതല്‍ നാട്ടിലെത്തി തുടങ്ങും. മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാനായി വിപുലമായ സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.

അതേ സമയം, അവസാന നിമിഷം ഫ്‌ളൈറ്റ് ഷെഡ്യൂള്‍ മാറ്റിയത് കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്നു. നാളെ യുഎഇയില്‍ നിന്ന് രണ്ട് വിമാനങ്ങളും ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഓരോ വിമാനങ്ങളുമായിരുന്നു കേരളത്തില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍, ദോഹ-കൊച്ചി വിമാനം ഒമ്പതിലേക്കും റിയാദ്-കോഴിക്കോട് വിമാനം എട്ടിലേക്കും അവസാന നിമിഷം മാറ്റി.

ദുബയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നാളെ പ്രാദേശിക സമയം 2.10ന് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ടിക്കറ്റ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. 170ഓളം പേരാണ് ഈ വിമാനത്തില്‍ ഉണ്ടാവുക. നേരത്തേ 200 പേര്‍ ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. അബൂദബിയില്‍ നിന്നുള്ള വിമാനം നാളെ വൈകീട്ട് പുറപ്പെടുമെന്നാണ് നിലവിലെ വിവരം.

അതേസമയം, യാത്രക്കാരെ കോവിഡ് ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. കോവിഡ് ടെസ്റ്റ് നടത്താതെ യാത്രക്കാരെ കൊണ്ടുവരുമെന്ന് കേന്ദ്രം അറിയിച്ചതായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, കോവിഡ് പരിശോധന നടത്തിയ ശേഷമായിരിക്കും യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കുക എന്ന് ഇന്നലെ വൈകീട്ട് കേന്ദ്ര മന്ത്രി വി മുരളീധരന്‍ തിരുത്തി. പക്ഷേ അവസാന നിമിഷവും അതിന് വേണ്ട ഒരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഏത് തരത്തിലുള്ള പരിശോധനയാണ് നടത്തുകയെന്നും വ്യക്തമല്ല.

അതേസമയം, ശരീര താപനില മാത്രമാണ് പരിശോധിക്കുക എന്നും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വിമാനത്തില്‍ കയറ്റും എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ പറയുന്നത്. പുറപ്പെടുന്നവര്‍ക്ക് വിമാനത്താവളത്തില്‍ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് അബൂദബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. മിനിറ്റുകള്‍ക്കകം ഫലം ലഭിക്കുന്ന പ്രാഥമിക പരിശോധനയാണ് റാപിഡ് ടെസ്റ്റ്. യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ മുമ്പേ വിമാനത്താവളത്തില്‍ എത്തണമെന്നും അറിയിച്ചിട്ടുണ്ട്.

വിമാനത്തില്‍ കയറുന്നത് വരെ വിദേശത്തെ ആരോഗ്യ അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കണം. ഇതനുസരിച്ചായിരിക്കും റാപിഡ് ടെസ്റ്റ്. കൈയുറ, മാസ്‌ക് സാനിറ്റൈസര്‍ എന്നിവ അടങ്ങുന്ന കിറ്റും യാത്രക്കാര്‍ക്ക് നല്‍കും.

Due to the cancellation of flights, expatriates who have been stranded in various foreign countries for about two months will begin their return home from tomorrow.


 

Most Popular