Friday, June 18, 2021
Home Gulf തലച്ചോറിന് ക്ഷതമേറ്റു മരിച്ച ഫൈസലിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി; അവയവങ്ങള്‍ ദാനം ചെയ്തു

തലച്ചോറിന് ക്ഷതമേറ്റു മരിച്ച ഫൈസലിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി; അവയവങ്ങള്‍ ദാനം ചെയ്തു

റിയാദ്: ക്ലോസ് സര്‍ക്യൂട്ട് ടി.വി കാമറ ഘടിപ്പിക്കുന്നതിനിടയില്‍ തെന്നിവീണ് തലച്ചോറിന് ക്ഷതമേറ്റു മരിച്ച ഫൈസല്‍ പറമ്പന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി. മലപ്പുറം ചെമ്മാട് സ്വദേശിയാണ് ഫൈസല്‍.

ഈ മാസം 16-നാണ് അപകടമുണ്ടായത്. മന്‍ഫൂഅ ഹാരാജിലുള്ള ഒരു കടയില്‍ കാമറകള്‍ ഘടിപ്പിക്കുന്നതിനിടയില്‍ തലക്കറക്കമുണ്ടായി മൂന്നു മീറ്റര്‍ ഉയരമുള്ള കോണിയില്‍ നിന്ന് നിലത്തു വീഴുകയായിരുന്നു.

വീഴ്ചയില്‍ തല കോണ്‍ക്രീറ്റ് പടിക്കെട്ടില്‍ ഇടിച്ച് ഗുരുതര പരിക്കേറ്റു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10 ദിവസത്തിനു ശേഷം മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് ഭാരയുടെയും കുടുംബത്തിന്റെയും അനുവാദത്തോടെ ഫൈസലിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച ഉടനെ ഫൈസലിന്റെ ശരീരത്തില്‍നിന്ന് അവയവങ്ങള്‍ മാറ്റി. അഞ്ചു പേര്‍ക്കാണ് അവയവങ്ങള്‍ നല്‍കുക.

സുഹൃത്തായ, റിയാദില്‍ ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച ചെമ്മാട് സ്വദേശി സഫ്വാന്റെ ഖബറിനരികിലാണ് ഫൈസലിനെയും അടക്കം ചെയ്തത്. ഫൈസലും സഫ്വാനും റിയാദിലെ ചെമ്മാട് പ്രവാസി കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകരായിരുന്നു.

അപകടം സംഭവിച്ച അന്നു മുതല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.

Most Popular