News Flash
X
കിക്കോഫിന് ഇനി രണ്ടു വര്‍ഷം, ലോകകപ്പിനൊരുങ്ങി ഖത്തര്‍

കിക്കോഫിന് ഇനി രണ്ടു വര്‍ഷം, ലോകകപ്പിനൊരുങ്ങി ഖത്തര്‍

personTF access_timeSaturday November 21, 2020
HIGHLIGHTS
ഇന്ന് നവംബര്‍ 21, അവിസ്മരണീയ ഫിഫ ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫിലേക്ക് ഇനി കൃത്യം രണ്ടു വര്‍ഷം

ദോഹ: ഇന്ന് നവംബര്‍ 21, അവിസ്മരണീയ ഫിഫ ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫിലേക്ക് ഇനി കൃത്യം രണ്ടു വര്‍ഷം. 2022 നവംബര്‍ 21 ലേക്ക് ഇനി 730 ദിവസങ്ങളുടെ ദൂരം. ടൂര്‍ണമെന്റിനും അഞ്ചുവര്‍ഷങ്ങള്‍ക്കും മുമ്പെയുള്ള ഒരുക്കങ്ങളുടെ ഭാഗമായി എട്ടു സ്റ്റേഡിയങ്ങളില്‍ മൂന്നെണ്ണം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യത്തിനു സമര്‍പ്പിച്ചു.

അവശേഷിക്കുന്ന അഞ്ചു സ്റ്റേഡിയങ്ങളുടെ നിര്‍മാണവും അടിസ്ഥാന സൗകര്യങ്ങളും അവസാനഘട്ടത്തിലാണ്. കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ലോകകപ്പ് തയാറെടുപ്പുകളുമായി മുന്നോട്ടു തന്നെയാണ് ഖത്തറും ഫിഫയും.

കാണികളില്ലാത്ത ലോകകപ്പിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഫുട്‌ബോള്‍ ലോകം. ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പ്രത്യേകതകളും നിര്‍മാണ പുരോഗതിയും അറിയാം.

ഖലീഫ രാജ്യാന്തര സ്റ്റേഡിയം

മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് മത്സരങ്ങളുടെ വേദി. 1976 ല്‍ അല്‍ റയ്യാനില്‍ നിര്‍മിച്ച സ്റ്റേഡിയം നവീകരിച്ച് അള്‍ട്രാ മോഡേണ്‍ രൂപഭാവങ്ങളോടെ അമീര്‍ രാജ്യത്തിന് സമര്‍പ്പിച്ചത് 2017 മെയിലാണ്.പൂര്‍ണമായും എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചുള്ള പ്രഥമ ലോകകപ്പ് സ്റ്റേഡിയം, ആദ്യത്തെ ശീതികരിച്ച ഓപ്പണ്‍ എയര്‍ സ്റ്റേഡിയം. 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഡിസൈന്‍ അറബ്, ഖത്തര്‍ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുള്ളതാണ്. എല്‍.ഇ’ഡി പിച്ച്‌ലൈറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ മികച്ച പത്തു സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ ഇടം നേടി

അല്‍ ജനൗബ് സ്റ്റേഡിയം

2019 മെയ് 16-നാണ് അല്‍ വക്രയില്‍ നിര്‍മിച്ച അല്‍ ജനൗബ് അമീര്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ക്ക് വേദിയാകുന്ന സ്റ്റേഡിയം ഇതിനകം ഒട്ടേറെ പ്രാദേശിക, രാജ്യാന്തര ടൂര്‍ണമെന്റുകള്‍ക്ക് വേദിയായി. പരമ്പരാഗത പായ്ക്കപ്പലിന്റെ മാതൃകയിലുള്ള സ്റ്റേഡിയത്തിന്റെ ഡിസൈന്‍ അന്തരിച്ച വിഖ്യാത വാസ്തുശില്‍പി സഹ ഹാദിദിന്റെതാണ്. സ്റ്റേഡിയത്തില്‍ 40,000 പേര്‍ക്ക് ഇരിക്കാം. ഖത്തറിന്റെ കലാപൈതൃകവും പാരമ്പര്യവും സാംസ്‌കാരികതയും പ്രതിഫലിപ്പിച്ചുള്ള വാസ്തുശില്‍പകലയിലെ അപൂര്‍വ സൃഷ്ടി.

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം

ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സര വേദിയായ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വെര്‍ച്വല്‍ വേദിയിലൂടെ 2020 ജൂണ്‍ 15-നാണ് നടന്നത്. മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്ന സ്റ്റേഡിയം ഇസ്ലാമിക വാസ്തുവിദ്യയും ആധുനികതയും കോര്‍ത്തിണക്കിയുള്ളതാണ്. ഫിയ ഫെന്‍വിക് ഇറിബാറന്‍ ആര്‍ക്കിടെക്ട്സ് ഡിസൈനില്‍ നിര്‍മിച്ച സ്റ്റേഡിയത്തില്‍ 40,000 പേര്‍ക്ക് ഇരിക്കാം. ജ്യാമിതീയ പാറ്റേണില്‍ സങ്കീര്‍ണമായ ത്രികോണ മുഖമാണ് പ്രധാന പ്രത്യേകത.

അല്‍ ബെയ്ത് സ്റ്റേഡിയം

2022 ലോകകപ്പ് മത്സരങ്ങളുടെ കിക്കോഫ് അല്‍ ബെയ്ത്തിലാണ്. ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ക്കുള്ള വേദി. കൃത്രിമ തടാകങ്ങളും കളിസ്ഥലവും പൂന്തോട്ടങ്ങളുമൊക്കെയുള്ള സ്റ്റേഡിയത്തിന് പുറത്തെ പാര്‍ക്ക് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. പരിസ്ഥിതി സുസ്ഥിരതാ പുരസ്‌കാരം നേടിയ അല്‍ ബെയ്ത് ഖത്തറിന്റെ ആതിഥേയ പാരമ്പര്യത്തിന്റെ പ്രതിഫലനമാണ്. വടക്കന്‍ ദോഹയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ അല്‍ഖോറില്‍ സ്ഥിതി ചെയ്യുന്ന, പരമ്പരാഗത അറബ് കൂടാരമായ ബെയ്ത് അല്‍ഷാറിന്റെ മാതൃകയിലുള്ള സ്റ്റേഡിയത്തില്‍ 60,000 പേര്‍ക്ക് ഇരിക്കാം. ഇസ്ലാമിക പാരമ്പര്യ ശൈലിയിലുള്ള ഇന്റീരിയറും അതിഥികള്‍ക്കായി പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ 96 മുറികളുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃക. ജ്യാമിതീയ രൂപങ്ങള്‍ കൈകൊണ്ടു നെയ്‌തെടുക്കുന്ന പരമ്പരാഗത ‘സദു’ ചിത്രത്തുന്നല്‍ കൊണ്ടാണ് ഉള്‍ഭാഗം അലങ്കരിച്ചിരിക്കുന്നത്. ഡിസംബറില്‍ ഉദ്ഘാടനം പ്രതീക്ഷിക്കുന്നു.

ലുസെയ്ല്‍ സ്റ്റേഡിയം

ലോകകപ്പ് ഫൈനല്‍ മത്സര വേദിയാണ് 80,000 പേര്‍ക്ക് ഇരിക്കാവുന്ന ലുസെയ്ല്‍ സിറ്റി സ്റ്റേഡിയം. ഗ്രൂപ്പ് ഘട്ടം, ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും വേദിയാകും. നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാകും. ബ്രസീലിലെ റിയോ ഡി ജനീറയിലെ വിഖ്യാത സ്റ്റേഡിയമായ മരക്കാനോ, ലോകത്തിലെ മൂന്നാമത്തെ വലിയ ഫുട്ബോള്‍ സ്റ്റേഡിയമായ നൂ കാമ്പ്, യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ, റഷ്യയുടെ ദേശീയ സ്റ്റേഡിയമായ ലഹ്നികി സ്റ്റേഡിയം എന്നീ ശ്രേണിയില്‍ ഉള്‍പ്പെടുന്നതാണ് ലുസെയ്ല്‍ സ്റ്റേഡിയവും. ഫനാര്‍ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വെളിച്ചവും നിഴലും ഇഴ ചേര്‍ന്നതില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍. അറബ് രാജ്യങ്ങളിലെ ചെറുപാത്രങ്ങളുടെ ആകൃതിയിലാണ് പുറം ഡിസൈന്‍.

അല്‍ തുമാമ സ്റ്റേഡിയം

ദോഹ നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന, ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരവേദിയായ അല്‍തുമാമ സ്റ്റേഡിയം അറബ് രാജ്യങ്ങളിലെ പുരുഷന്മാരുടെ പരമ്പരാഗത തലപ്പാവായ ഗാഫിയയുടെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. സ്വദേശി ആര്‍ക്കിടെക്ട് ഇബ്രാഹിം എം.ജൈദയുടെ ഡിസൈനില്‍ നിര്‍മിച്ച സ്റ്റേഡിയം അറബ് ലോകത്തിന്റെ ഭാവിയും ഭൂതകാലവും കോര്‍ത്തിണക്കിയുള്ളതാണ്. 40,000 കാണികള്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം അടുത്ത വര്‍ഷം ഉദ്ഘാടനം ചെയ്യും.

റാസ് അബു അബൗദ്

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം മുതല്‍ റൗണ്ട് 16 വരെയുള്ള മത്സര വേദിയാണിത്. പൂര്‍ണമായും ഷിപ്പിങ് കണ്ടെയ്‌നറുകള്‍ കൊണ്ടുള്ളതും മാറ്റി സ്ഥാപിക്കാനും പുനരുപയോഗിക്കാനും കഴിയുന്നതുമായ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ പ്രഥമ സ്റ്റേഡിയം. ഡിസൈന്‍ ആകൃതിയിലേക്ക് എത്തിയ സ്റ്റേഡിയത്തിന്റെ പകുതിയിലധികം കണ്ടെയ്‌നറുകളും സ്ഥാപിച്ചു കഴിഞ്ഞു. സീറ്റ് സ്ഥാപിക്കല്‍, മേല്‍ക്കൂര നിര്‍മാണ ജോലികളാണ് പുരോഗമിക്കുന്നത്. 40,000 പേര്‍ക്ക് ഇരിക്കാം. ഏറ്റവും കുറഞ്ഞ ചെലവില്‍ ദോഹ കോര്‍ണിഷിന് അഭിമുഖമായി നിര്‍മിക്കുന്ന ഏഴു നിലകളിലുള്ള സ്റ്റേഡിയത്തിന്റെ ഡിസൈന്‍ ഫെന്‍വിക് ഇറിബാറന്‍ ആര്‍ക്കിടെക്ട്സാണ്.

അല്‍ റയ്യാന്‍ സ്റ്റേഡിയം

സ്റ്റേഡിയത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. മേല്‍ക്കൂര, സീറ്റ് സ്ഥാപിക്കല്‍, പിച്ച്, മുഖവാരം എല്ലാം സ്ഥാപിച്ചു കഴിഞ്ഞു. ആറു പരിശീലന പിച്ചുകളില്‍ നാലെണ്ണം പൂര്‍ത്തിയായി. ബാക്കി പിച്ചുകളുടെയും സ്റ്റേഡിയത്തിന് പുറത്തെ അത്‌ലീറ്റ് ട്രാക്ക് നിര്‍മാണവും പുരോഗതിയിലാണ്. മണല്‍കൂനകളുടെ ആകൃതിയിലുള്ള സ്റ്റേഡിയത്തില്‍ 40,000 പേര്‍ക്ക് ഇരിക്കാം. പഴയ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിന്റെ സ്ഥാനത്താണ് സ്റ്റേഡിയം നിര്‍മിച്ചത്. കുടുംബത്തിന്റെ പ്രാധാന്യം, മരുഭൂമിയുടെ മനോഹാരിത, സസ്യജാലങ്ങള്‍ നിറഞ്ഞ പ്രകൃതി, പ്രാദേശിക, രാജ്യാന്തര വ്യാപാരം തുടങ്ങി വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പാറ്റേണിലുള്ള മുഖപ്പാണ് ആകര്‍ഷണം. ഡിസംബറോടെ ഉദ്ഘാടനം പ്രതീക്ഷിക്കാം.

ലോകകപ്പ് ഒറ്റനോട്ടത്തില്‍

പ്രഥമ കാര്‍ബണ്‍ രഹിത ലോകകപ്പ്, പരിസ്ഥിതി സൗഹൃദ നിര്‍മാണങ്ങള്‍

കിക്കോഫ് 2022 നവംബര്‍ 21-ന് അല്‍ ബെയ്ത്തില്‍

ഫൈനല്‍ 2022 ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍.

സ്റ്റേഡിയങ്ങളുടെ എണ്ണം-8

ആകെ സീറ്റുകള്‍-3,40,000

പ്രതീക്ഷിക്കുന്ന കാണികള്‍-15 ലക്ഷം

താമസ സൗകര്യങ്ങള്‍-പഞ്ചനക്ഷത്ര ഹോട്ടലുകള്‍, അപ്പാര്‍ട്‌മെന്റുകള്‍, ആഡംബര കപ്പലുകള്‍, മരുഭൂമിയില്‍ അറബ് കൂടാരങ്ങള്‍

പൊതുഗതാഗതം- ദോഹ മെട്രോ, ട്രാം, ഇലക്ട്രിക് ബസുകളും ടാക്‌സികളും.

സ്റ്റേഡിയങ്ങളുടെ പ്രത്യേകതകള്‍

പരിസ്ഥിതി സുസ്ഥിരത, കാര്‍ബണ്‍ രഹിതം, എല്‍.ഇ.ഡി വെളിച്ചം

തദ്ദേശീയമായി വികസിപ്പിച്ച ശീതികരണ സാങ്കേതിക വിദ്യ

ലോകോത്തര നിലവാരത്തിലുള്ള മീഡിയ സോണുകള്‍, പരിശീലനത്തിനായി ഫ്ഡ് ലിറ്റ് സൈറ്റുകള്‍, ടീം ബേസ് ക്യാംപുകള്‍.

കാണികള്‍ക്ക് വിനോദത്തിനു പാര്‍ക്കുകള്‍, തണലേകാന്‍ മരങ്ങള്‍.

ഖത്തറിന്റെ ആതിഥേയ പാരമ്പര്യം പ്രതിഫലിപ്പിച്ചുള്ള ഇന്റീരിയര്‍. അതിഥികള്‍ക്കായി ആഡംബര മുറികള്‍.

ലോകകപ്പിന് ശേഷം സ്റ്റേഡിയങ്ങളിലെ പകുതി സീറ്റുകള്‍ അവികസിത രാജ്യങ്ങള്‍ക്ക് സംഭാവന നല്‍കും. മിക്ക സ്റ്റേഡിയങ്ങളും സ്‌കൂളുകള്‍, ഷോപ്പിങ് സമുച്ചയങ്ങള്‍, കഫേകള്‍, ഹെല്‍ത്ത് ക്ലിനിക്കുകള്‍, കായിക സൗകര്യങ്ങള്‍ എന്നിവയുള്ള കമ്യൂണിറ്റി ഇടമായി മാറും.

SHARE :
folder_openTags
content_copyCategory