Sunday, June 20, 2021
Home Gulf ഖത്തറില്‍ രണ്ടാംഘട്ട സെന്‍സസ് ഇന്ന് പുനരാരംഭിക്കും

ഖത്തറില്‍ രണ്ടാംഘട്ട സെന്‍സസ് ഇന്ന് പുനരാരംഭിക്കും

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പൊതു സെന്‍സസിന്റെ അവസാനഘട്ടം ഇന്നു മുതല്‍ പുനരാരംഭിക്കും. ഈ വര്‍ഷം ആദ്യം തുടങ്ങിയ രാജ്യത്തെ ജനസംഖ്യ, സ്ഥാപന, താമസ, കെട്ടിട കണക്കെടുപ്പാണ് വീണ്ടും പുനരാരംഭിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയുള്ള കണക്കെടുപ്പാണ് ഇന്ന് ആരംഭിക്കുന്നത് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയുള്ള കണക്കെടുപ്പ് ഡിസംബര്‍ 13 മുതലുമാണ് ആരംഭിക്കുക. ജനുവരി ഏഴിനകം സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കും.

സെന്‍സസ് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് 14 സര്‍ക്കാര്‍ വിഭാഗങ്ങളാണ് സഹകരിക്കുന്നത്. വിവരങ്ങള്‍ ശേഖരിക്കാനും അത് ഉറപ്പുവരുത്താനും അത്യന്താധുനിക സാങ്കേതികതയാണ് ഉപയോഗിക്കുന്നത്. ഇത്തരം ആധുനിക സമ്പ്രദായങ്ങള്‍ ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്.

www.psa.gov.qa/census2020.aspx എന്ന അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് ജനങ്ങള്‍ വിവരങ്ങള്‍ നല്‍കേണ്ടത്. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ആസൂത്രണ സ്ഥിതിവിവരകണക്ക് അതോറിറ്റി ഇന്നുമുതല്‍ ഇലക്ട്രോണിക് ഫോമുകള്‍ വെബ്സൈറ്റ് വഴി ലഭ്യമാക്കും.

സെന്‍സസ് പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അതേസമയം തന്നെ ഡേറ്റാബേസിന് കൈമാറുകയാണ് ചെയ്യുന്നത്. സെന്‍സസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മറ്റാര്‍ക്കും ഈ വിവരങ്ങള്‍ പിന്നീട് കാണാനാവില്ല.

ജനങ്ങള്‍ക്ക് ഒന്നുകില്‍ സെന്‍സസ് പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കുകയോ ചെയ്യാവുന്നതാണ്. അതേസമയം,
ഓണ്‍ലൈനില്‍ എല്ലാവിധ സെന്‍സസ് വിവരങ്ങളും നല്‍കാന്‍ അതോറിറ്റി എല്ലാ കുടുംബനാഥന്മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൃഹസന്ദര്‍ശനം നടത്തുന്ന സെന്‍സസ് ഉദ്യോഗസ്ഥരെ കാത്തുനില്‍ക്കാതെ തന്നെ ഇത്തരത്തില്‍ സെന്‍സസ് വിവരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. ഈ ഘട്ടത്തില്‍ ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ നല്‍കാനാകാത്തവര്‍ക്കായാണ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുക.

സെന്‍സസിലൂടെ ശേഖരിച്ച മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ ഭരണകൂടം പുറത്തുവിടും. ഇതുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രാലയം, പൊതുജനാരോഗ്യമന്ത്രാലയം, ആസൂത്രണസ്ഥിതിവിരണകണക്ക് അതോറിറ്റി എന്നിവയിലെ പ്രതിനിധികള്‍ പങ്കെടുത്തു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയാണ് അതോറിറ്റി സെന്‍സസ് പ്രക്രിയ ആരംഭിക്കുന്നത്. എല്ലാവിധ കോവിഡ്് പ്രതിരോധനടപടികളും പാലിച്ചായിരിക്കും സെന്‍സസ്.

Most Popular