ഖത്തറിലെ ആദ്യ ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ രണ്ട് മാസത്തിനുള്ളില്‍

ദോഹ: ഖത്തറിലെ ആദ്യ ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ രണ്ട് മാസത്തിനുള്ളില്‍ നടത്തുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടറുമായ ഡോ. യൂസഫ് അല്‍ മസ്ലാമണി. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ ലിവിങ് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാം ഉടന്‍ ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

അവയവമാറ്റ ശസ്ത്രക്രിയയില്‍ വളരെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഉണ്ട്. അതിനാല്‍ എല്ലാ ടീമുകളും തമ്മില്‍ ശരിയായ ഏകോപനം ആവശ്യമാണ്. ദാതാവില്‍ നിന്ന് അവയവം എടുക്കുന്നതിന് ഒരു പ്രത്യേക സംഘവും അങ്ങനെ എടുത്ത അവയവും സ്വകരിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ ചേര്‍ക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടാകും. ഇതിന് കൃത്യതയേറിയ ഏകോപനം ആവശ്യമാണെന്നും ഡോ. യൂസഫ് പറഞ്ഞു.

‘അവയവദാതാവിനും സ്വീകര്‍ത്താവിനും സ്വീകര്‍ത്താവിനും വളരെയധികം പരിശോധനകള്‍ ആവശ്യമായതിനാല്‍ ലബോറട്ടറിക്കും ഇതില്‍ നിര്‍ണ്ണായകമായ പങ്കുണ്ട്. അവയവം മാറ്റിവെയ്ക്കുന്നതിന് മുമ്പ് അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നു. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരാണ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സംഘങ്ങളില്‍ ഉണ്ടാവുക. ഈ സംഘങ്ങളുടെ ഏകോപനം ബുദ്ധിമുട്ടേറിയതും സങ്കീര്‍ണ്ണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആന്തരികാവയവങ്ങളില്‍ ഭൂരിഭാഗവും മാറ്റിവയ്ക്കാന്‍ കഴിയുന്നവയാണ്. അതില്‍ ഹൃദയം, കരള്‍, ശ്വാസകോശം, വൃക്ക, പാന്‍ക്രിയാസ് എന്നിവ മാറ്റിവെയ്ക്കുന്നതാണ് ലോമകാകെ വ്യാപകമായി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.