യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞും പൊടിക്കാറ്റും

അബൂദബി: യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഇന്നലെ രാവിലെ 10 വരെ നീണ്ടുനിന്ന ശക്തമായ മഞ്ഞ് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. കാഴ്ച മറയുംവിധം മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ ദുബൈ-അബൂദബി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. അന്തരീക്ഷം തെളിഞ്ഞ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. അതിനാല്‍ ഗ്രോസറി, സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, റെസ്റ്റോറന്റ്, ബേക്കറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിക്കേണ്ട അവശ്യ സാധനങ്ങള്‍ വൈകി. പുലര്‍ച്ചെ ആറിന് മുന്‍പ് ലഭിച്ചിരുന്ന പത്രങ്ങള്‍ 12 മണിക്കാണ് ലഭിച്ചത്. മൂടല്‍ മഞ്ഞിനു പുറമേ വടക്കുപടിഞ്ഞാറു നിന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ പൊടിക്കാറ്റു വീശിയതും വാഹനഗതാഗതത്തെ ദുഷ്‌കരമാക്കി. അബൂദബി-ദുബൈ റോഡ്, അബൂദബി-അല്‍ഐന്‍ റോഡ്, മക്തൂം ബിന്‍ റാഷിദ് റോഡ്, മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍മഫ്റഖ്-അല്‍ഖസാന റോഡ്, സൈ്വഹാന്‍-അല്‍ഹായര്‍ റോഡ്, ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ റോഡ് (അല്‍നൗഫ്അല്‍മര്‍വ റോഡ്), അല്‍ഫയ ട്രക്ക് റോഡ്, അബൂദബി-സൈ്വഹാന്‍ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും ദൂരക്കാഴ്ച കുറഞ്ഞത് ഏതാനും വിമാന സര്‍വീസുകളെയും ബാധിച്ചു. ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക് ഇന്നലെ രാവിലെ എട്ടിനു പോകേണ്ട ഗോ എയര്‍ വിമാനം രാത്രിയാണ് പുറപ്പെട്ടത്. ഷാര്‍ജയില്‍ ഇറങ്ങേണ്ട, കൊച്ചിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചില സര്‍വീസുകളും ദുബൈയിലേക്കു തിരിച്ചുവിട്ടു. അതേസമയം, വാഹനമോടിക്കുന്നതിനിടെ മൂടല്‍ മഞ്ഞിന്റെ ദൃശ്യം പകര്‍ത്തുന്നവര്‍ക്കു 800 ദിര്‍ഹം പിഴയും നാലു ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധമാറാനും അപകടത്തിനും ഇടയാക്കും എന്നതിനാലാണ് നിയമം കടുപ്പിച്ചത്. ഇത്തരക്കാരെ പിടികൂടുന്നതിന് ജനുവരി ഒന്നു മുതല്‍ പ്രത്യേക കാമറയും സ്ഥാപിച്ചിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുക, സന്ദേശം അയയ്ക്കുക, ചാറ്റ് ചെയ്യുക, ചിത്രങ്ങളും വിഡിയോകളും കാണുക തുടങ്ങി ഓരോ ചലനവും നിരീക്ഷിച്ചായിരിക്കും കാമറ നിയമലംഘനം പകര്‍ത്തുക. നിയമലംഘകര്‍ക്കു 500 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും ശിക്ഷയുണ്ട്