Monday, April 19, 2021
Home Gulf ഖത്തറിൽ ഫുഡ് കോർട്ടുകൾ, മാളുകളിലെ പ്രാർത്ഥനാ ഹാളുകൾ തുടങ്ങിയവ വീണ്ടും തുറക്കും

ഖത്തറിൽ ഫുഡ് കോർട്ടുകൾ, മാളുകളിലെ പ്രാർത്ഥനാ ഹാളുകൾ തുടങ്ങിയവ വീണ്ടും തുറക്കും

ദോഹ: ഉപഭോക്താക്കളുടെ എണ്ണം മൊത്തം ശേഷിയുടെ 30 ശതമാനത്തിൽ കവിയാതെ ഖത്തറിലെ വാണിജ്യസമുച്ചയങ്ങൾ, ഫുഡ് കോർട്ടുകൾ എന്നിവ വീണ്ടും തുറന്നു പ്രവർത്തിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. ഇത്തരം സ്ഥലങ്ങളിലെ പ്രാർത്ഥനാ മുറികളും ഇതേ മാനദണ്ഡം അനുസരിച്ച് തുറക്കാവുന്നതാണ്.

കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിവിധ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രാജ്യത്ത് സെപ്തംബർ 1 മുതൽ ലോക്ക്ഡൗൺ ഇളവുകളുടെ നാലാം ഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി അടഞ്ഞുകിടക്കുന്ന പല സ്ഥാപന, ആരാധനാലയങ്ങൾക്കും തുറക്കാൻ അനുമതിയുണ്ട്.

നിർദ്ദിഷ്ട ശേഷി, പ്രതിരോധ നടപടിക്രമങ്ങൾ എന്നിവ പാലിച്ച് സിനിമാപ്രവർത്തകർക്ക് അവരുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, 18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പ്രവേശനം അനുവദിക്കാൻ പാടില്ല. ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ ട്രയൽ റൂമുകൾ ഉപയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

മുൻകരുതൽ നടപടികൾ പാലിച്ച് മുതിർന്നവർക്ക് മാത്രമായി തുറന്നു പ്രവർത്തനം ആരംഭിച്ച ബാർബർ ഷോപ്പുകളിൽ കുട്ടകൾക്കും പ്രവേശനം അനുവദനീയമാണ്. കുട്ടിയും കൂടെ വരുന്നയാളും ജീവനക്കാരനും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ബാർബർ ഷോപ്പുകളിൽ റിസർവേഷൻ സംവിധാനം ആരംഭിക്കാം. ഒരേ സമയം രണ്ടിൽ കൂടുതൽ ആളുകളെ അകത്ത് പ്രവേശിപ്പിക്കരുത്.

നാലാം ഘട്ട ഇളവുകൾ പ്രകാരം സുരക്ഷാമുൻകരുതലുകളോടെ ചുരുക്കം ചിലയിടങ്ങളിൽ കുട്ടികൾക്കും പ്രവേശിക്കാം. ചില്ലറ വിൽപ്പന ശാലകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള വാണിജ്യ സമുച്ചയങ്ങളിലും ഷോപ്പിംഗ് മാളുകളിലും കുട്ടികളെ പ്രവേശിക്കാൻ അനുവദിച്ചു. അതേസമയം, ഗെയിം ഹാളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, സ്‌കേറ്റിംഗ് റിങ്കുകൾ എന്നിവ അടയ്ക്കാനും കോംപ്ലക്‌സുകൾക്കും ഷോപ്പിംഗ് മാളുകൾക്കും ഉള്ളിൽ നടത്താറുള്ള കലാപരവും സാംസ്‌കാരികവും വിനോദപരവുമായ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന തീരുമാനവും തുടരുന്നതായി മന്ത്രാലയം വ്യക്തമാക്കി.

Most Popular