Tuesday, June 22, 2021
Home Gulf സൗദിയിൽ കുടുങ്ങിയ വിദേശികൾ മടക്കയാത്ര ആരംഭിച്ചു

സൗദിയിൽ കുടുങ്ങിയ വിദേശികൾ മടക്കയാത്ര ആരംഭിച്ചു

റിയാദ്: രാജ്യാന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ സൗദിയിൽ കുടുങ്ങിയ വിദേശികൾ മടക്കയാത്ര ആരംഭിച്ചു. വിസാ കാലാവധി കഴിഞ്ഞും മറ്റും സൗദിയിൽ തങ്ങുന്നവർക്ക് നിയമവിധേയമായി തന്നെ തിരിച്ചുപോകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തേക്ക് വരുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

സൗദിയിൽനിന്നു ഇന്ത്യ ഉൾപ്പെടെ ചില വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേക സർവീസ് നിലവിലുണ്ട്. ഇതനുസരിച്ച് വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ സൗദിയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു വരുന്നുണ്ട്. കെഎംസിസി ഉൾപ്പെടെ ചില സംഘടനകളും ചാർട്ടേഡ് വിമാനത്തിൽ ജനങ്ങളെ നാട്ടിൽ എത്തിച്ചിരുന്നു. കൂടാതെ ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ തുടങ്ങി പ്രത്യേക വിഭാഗത്തിൽ പെട്ടവരെ സൗദിയിൽ എത്തിക്കാൻ കൊച്ചിയിൽനിന്നും മറ്റു ചില വിദേശ രാജ്യങ്ങളിൽനിന്നും പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു.

വരും ദിവസങ്ങളിലും ഇത്തരം ചാർട്ടേഡ് വിമാനങ്ങൾ സൗദിയിലേക്കു പുറപ്പെടും. ഈ വിമാനങ്ങളിൽ സാധാരണ ജോലിക്കാരെ സൗദിയിൽ എത്തിക്കാൻ സാധിക്കുമോ എന്നതിന് വ്യക്തമത വന്നിട്ടില്ല. ജിസിസി രാജ്യങ്ങളിലേക്കാണ് സാധാരണ വിമാന സർവീസ് ആരംഭിച്ചതെന്നും മറ്റു രാജ്യങ്ങളിലേക്ക് 2021 ജനുവരിയിലെ പുനരാരംഭിക്കൂ എന്നും കഴിഞ്ഞ ദിവസം സൗദി പ്രഖ്യാപിച്ചിരുന്നു. കാലാവധിയുള്ള റീഎൻട്രി വിസ, സന്ദർശക വിസ, തൊഴിൽ വിസ എന്നിവയുള്ളവരെ സൗദിയിലേക്കു സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഈ ആനുകൂല്യം ഏതൊക്കെ രാജ്യക്കാർക്കാണെന്നതിനും വ്യക്തതയില്ല.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ മാർച്ച് 15നാണ് സൗദി രാജ്യാന്തര വിമാന സർവീസ് നിർത്തിവെച്ചത്. മേയിൽ ആഭ്യന്തര സർവീസ് പുനരാരംഭിച്ചെങ്കിലും രാജ്യാന്തര സർവീസ് ആരംഭിച്ചത് ചൊവ്വാഴ്ചയാണ്.

Most Popular