Tuesday, April 13, 2021
Home Gulf യുഎഇയിൽ നാല് പുതിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ; രണ്ടെണ്ണം ദുബായിൽ

യുഎഇയിൽ നാല് പുതിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ; രണ്ടെണ്ണം ദുബായിൽ

ദുബായ്: അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് മാത്രമായി യുഎഇയിലും, ഫുജൈറയിലും റാസൽഖൈമയിലുമായി നാല് പുതിയ കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങൾ. ഇതിൽ രണ്ടെണ്ണം ദുബായിലാണ്. പുറത്തു നിന്ന് വരുന്നവർക്ക് അബുദാബിയിലേക്ക് പ്രവേശിക്കാൻ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധമായതിനെ തുടർന്നാണ് പുതിയ കേന്ദ്രങ്ങൾ തുറന്നത്.

ദുബായിലെ റാഷിദ് തുറമുഖത്തും അൽ ഖവാനീജ് ഏരിയയിലുമുള്ള രണ്ട് കേന്ദ്രങ്ങളിലും അഞ്ച് മിനിറ്റിനുള്ളിൽ ഫലം അറിയാൻ കഴിയുന്ന ഡിപിഐ ലേസർ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നതെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) അറിയിച്ചു.

ഇതിന് വേണ്ടി സെഹയുടെ ആപ്പ് വഴി ഓൺലൈനായി അപ്പോയ്ൻമെന്റ് എടുക്കണം. 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ കോവിഡ് -19 നെഗറ്റീവ് ഉള്ളവർക്ക് മാത്രമേ അബുദാബിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് അധികൃതർ പറഞ്ഞു.

ഡിപിഐ പരിശോധനക്ക് ശേഷം പിസിആർ കൂടി ചെയ്യേണ്ടതുണ്ടെങ്കിൽ 320 ദിർഹം അടച്ചാൽ അവിടെ തന്നെ പരിശോധന നടത്താം. അങ്ങനെയുള്ളവർ പിസിആർ പരിശോധനാ ഫലം വരുന്നതു വരെ വീട്ടിൽ തന്നെ തുടരണം.
6,000ത്തോളം പേരാണ് ദിവസവും പരിശോധനക്കായി രജിസ്റ്റർ ചെയ്യുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഡിപിഐ പരിശോധന നടത്താൻ കഴിയൂ എന്ന് അധികൃതർ പറഞ്ഞു.

ഓൺലൈനായി അപേക്ഷിക്കുന്നവർ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം ഒറിജിനൽ എമിറേറ്റ്‌സ് ഐഡി കൂടെ ഹാജരാക്കണമെന്ന് സെഹ പറഞ്ഞു. പരിശോധനക്കായി ഒരാൾക്ക് ഒറ്റക്കോ മൂന്ന് പേരുള്ള ഒരു ഗ്രൂപ്പായോ രജിസ്റ്റർ ചെയ്യാം. അതേസമയം, ഒരേ കുടുംബത്തിലെ പരമാവധി അഞ്ച് പേർക്കും പ്രീ-ബുക്കിംഗ് ലഭിക്കും.

Most Popular