ദുബായ്: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലഘൂകരണത്തിന്റെ പുതിയ അറിയിപ്പനുസരിച്ച് ദുബായിലെ ടാക്സി വാനുകളിൽ ഇനിമുതൽ നാല് പേർക്കുവരെ യാത്രചെയ്യാം.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) സംയുക്തസംരംഭമായ ഹാല ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ടാക്സി വാനുകളിലാണ് ഈ സൗകര്യമുള്ളത്. ഹാല വാൻ ടാക്സികളിൽ രണ്ടുനിര പാസഞ്ചർ ഇരിപ്പിടങ്ങൾ ഉള്ളതിനാൽ നാല് യാത്രക്കാർക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ച് ഇരിക്കാനാകും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഇത് ഗുണകരമാകും.
അതേസമയം സെഡാൻ ടാക്സികളിൽ ഇപ്പോഴും രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കോവിഡ് നിയന്ത്രണങ്ങൾ മൂലം എല്ലാ ടാക്സികളിലും രണ്ട് യാത്രക്കാർ എന്ന രീതിയിൽ പരിമിതപ്പെടുത്തിയിരുന്നു. ടാക്സി വാനുകൾക്ക് മാത്രമാണ് ഇപ്പോൾ നാല് യാത്രക്കാരെ കയറ്റാൻ അനുമതി നൽകിയിട്ടുള്ളത്.