Wednesday, August 4, 2021
Home Gulf അബുദാബിയിൽ 12 വയസ്സിന് മുകളിലുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ കോവിഡ് പരിശോധന നടത്തും

അബുദാബിയിൽ 12 വയസ്സിന് മുകളിലുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ കോവിഡ് പരിശോധന നടത്തും

അബുദാബി: 12 വയസ്സിന് മുകളിലുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് അബുദാബിയിൽ സൗജന്യ കോവിഡ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) പ്രഖ്യാപിച്ചു. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളിലും അതത് സ്‌കൂളിലും ഇതിനായി സൗകര്യം ഒരുക്കും.

പരിശോധനയിൽ നെഗറ്റീവ് ആയ വിദ്യാർഥികൾക്കു മാത്രമേ സ്‌കൂളിലേക്ക് പ്രവേശനമുണ്ടാകൂ. ഈ പ്രഖ്യാപനം രക്ഷിതാക്കൾക്ക് ആശ്വാസമായിരിക്കുകയാണ്. രണ്ട് ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് കോവിഡ് പരിശോധന നടത്തണമെന്നെ നിബന്ധന രക്ഷിതാക്കളിൽ ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം.

രോഗലക്ഷണമുള്ളവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. രോഗം സ്ഥിരീകരിക്കുന്നവർ ചികിത്സക്ക് ശേഷം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാലേ സ്‌കൂളിലേക്കു പ്രവേശിപ്പിക്കൂ. വിദേശത്തുനിന്ന് എത്തുന്ന വിദ്യാർഥികളും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. എന്നാൽ ഇവർക്ക് ഓൺലൈൻ ക്ലാസുകളിൽ ഹാജരാകാം.

രോഗലക്ഷണമുള്ളവരെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ രേഖാമൂലം എഴുതി നൽകണം. ഈ മാസാവസാനമോ ഒക്ടോബർ ആദ്യവാരമോ ഹൈസ്‌കൂൾ വിദ്യാർഥികളെയും സ്‌കൂളിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അഡെക് വ്യക്തമാക്കി.

Most Popular