News Flash
X
അബൂദബിയില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ ഫ്ലൂ ​വാക്‌സിന്‍

അബൂദബിയില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ ഫ്ലൂ ​വാക്‌സിന്‍

personSJ access_timeMonday October 19, 2020
HIGHLIGHTS
വാക്സിന്‍ സൗജന്യമായി ലഭിക്കുന്നതിന് അടുത്തുള്ള പ്രാഥമിക ശുശ്രൂഷ കേന്ദ്രം സന്ദര്‍ശിക്കാന്‍ വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് അഭ്യര്‍ഥിച്ചു.

അബൂദബി: അബൂദബിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പകര്‍ച്ചപ്പനിക്കെതിരെ സൗജന്യ ഫ്‌ലൂ വാക്സിനേഷന്‍ നല്‍കുന്നു. ശീതകാലം ആരംഭിക്കുകയും പകര്‍ച്ചപ്പനി തുടങ്ങുകയും ചെയ്തതോടെയാണ് അബൂദബി ആരോഗ്യവകുപ്പുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള കാമ്ബയിന്‍ ആരംഭിച്ചതെന്ന് അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അറിയിച്ചു. വാക്സിന്‍ സൗജന്യമായി ലഭിക്കുന്നതിന് അടുത്തുള്ള പ്രാഥമിക ശുശ്രൂഷ കേന്ദ്രം സന്ദര്‍ശിക്കാന്‍ വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് അഭ്യര്‍ഥിച്ചു.  ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ വഴി എല്ലാ കുടുംബങ്ങള്‍ക്കും കത്തുകള്‍ അയച്ചു.

ഇന്‍ഫ്‌ലുവന്‍സ അതിവേഗം പകരുന്ന പകര്‍ച്ചവ്യാധിയാണ്. രോഗബാധിതര്‍ വായ, മൂക്ക്, കണ്ണ് എന്നിവ സ്പര്‍ശിക്കുക വഴിയും രോഗം പകരാം. സ്‌കൂളുകളില്‍ അണുബാധ പടരാതിരിക്കാന്‍ അസുഖമുണ്ടായാല്‍ കുട്ടികളെ വീട്ടില്‍ പാര്‍പ്പിക്കണം. 50 വര്‍ഷത്തിലധികമായി ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്സിന്‍ നല്‍കിയതിനാല്‍ സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും വിജയകരമായ തെളിവുണ്ടെന്ന് അബൂദബി ആരോഗ്യവകുപ്പ് വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിന് ഒട്ടേറെ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയതായും സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്സിന്‍ രോഗം പടരാതിരിക്കാനും കുറക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. വാക്സിന്‍ ലൈസന്‍സ് ലഭിക്കുന്നതിനുമുമ്ബ് അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വിപുലമായ പരിശോധന നടത്തിയിരുന്നു.

വാക്സിന്‍ എടുത്ത ശരീരത്തില്‍ ഇന്‍ഫ്‌ലുവന്‍സക്കെതിരായ പ്രതിരോധശേഷി ലഭിക്കുന്നതിന് ഒന്നുമുതല്‍ രണ്ടാഴ്ച വരെ സമയം ആവശ്യമാണ്. വാക്സിന്‍ പ്രയോജനപ്പെടുന്നതിന് മുമ്ബ് ഇന്‍ഫ്‌ലുവന്‍സ വൈറസ് ബാധിതരാവാനും സാധ്യതയുണ്ട്. ശ്വാസകോശസംബന്ധമായ അസുഖങ്ങളായതിനാല്‍ ജലദോഷവും പനിയും വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ലക്ഷണങ്ങള്‍ സമാനമായിരിക്കാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതോടൊപ്പം ഏതെങ്കിലും മരുന്നിനെപ്പോലെ വാക്സിനും ചെറിയ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാമെന്ന് അബൂദബി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍, കഠിനമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ഇന്‍ഫ്‌ലുവന്‍സ വാക്സിന്‍ കുത്തിവെച്ച ഭാഗത്ത് വേദനയും ചുവപ്പും നേരിയ പനിയും ശരീരവേദനയും അനുഭവപ്പെടാം. കഠിനമായ ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ഈ പാര്‍ശ്വഫലങ്ങള്‍ വളരെ മിതമാണ്.

SHARE :
folder_openTags
content_copyCategory