Wednesday, April 21, 2021
Home Gulf ഗ്ലോബൽ വില്ലേജ് 25ന് തുറക്കും: പ്രത്യേക ആപ്പിലൂടെ തത്സമയ വിവരങ്ങൾ; ടിക്കറ്റ് നാളെ മുതൽ

ഗ്ലോബൽ വില്ലേജ് 25ന് തുറക്കും: പ്രത്യേക ആപ്പിലൂടെ തത്സമയ വിവരങ്ങൾ; ടിക്കറ്റ് നാളെ മുതൽ

ദുബായ്: കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിക്കൊണ്ട് ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ ഈ മാസം 25ന് ആരംഭിക്കും. ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. നാളെ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കും.

ഇതിന്റെ ഭാഗമായി പുതിയ വെബ്‌സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കുന്നുണ്ട്. ടിക്കറ്റുകൾ നേരത്തേ വാങ്ങാനും കാർണിവൽ റൈഡിന് സ്പർശനമേൽക്കാതെ കയറാൻ സഹായിക്കാനുമാണിത്. വില്ലേജിന്റെ ശേഷി അനുസരിച്ച് സന്ദർശകർ നിറഞ്ഞാൽ പ്രസ്തുത വിവരം ആപ്പിലൂടെ അറിയാനാകും. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങൾ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. പാസുകൾ വൈൻഡിങ് മെഷീനിലൂടെ ലഭ്യമാക്കും.

എല്ലാ കടകളിലും ഭക്ഷണശാലകളിലും ടിക്കറ്റ് ലഭിക്കാൻ സംവിധാനങ്ങളൊരുക്കും. അകലം പാലിച്ചാവും സ്റ്റേജിനു മുന്നിൽ സീറ്റ് ഒരുക്കുക. വിഐപി പാസുള്ളവർക്ക് ഓൺലൈൻ കാർ പ്ലേറ്റ് റജിസ്‌ട്രേഷൻ വഴി സ്മാർട് പാർക്കിംഗ് ഗേറ്റിലൂടെ പോകാം. tickets.virginmegastore.me എന്ന സൈറ്റിൽ വിഐപി പാസുകൾ ലഭിക്കും. വില്ലേജിൽ പ്രൈം ഹോസ്പിറ്റൽ ക്ലിനിക്കും പ്രവർത്തിക്കും. ആളുകൾ ആവശ്യപ്പെട്ടാൽ ഇവിടെ പിസിആർ പരിശോധനയും നടത്തും.

കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ സുരക്ഷാക്രമീകരണത്തിനായി നിരവധി കാര്യങ്ങളാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് സൗജന്യ മാസ്‌കുകൾ വിതരണം ചെയ്യും, താപപരിശോധനയ്ക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ, 600 ഇടങ്ങളിൽ സാനിറ്റൈസർ സ്റ്റേഷനുകൾ സ്ഥാപിച്ചു, കാർണിവലിൽ ഓരോ റൈഡിനു ശേഷവും അണുവിമുക്തമാക്കും, സമ്പർക്കമില്ലാതെയുള്ള പണമിടപാടിന് സംവിധാനമൊരുക്കി, ശുചിത്വം കൃത്യമായി പാലിക്കും. എല്ലാ ദിവസത്തെയും മേളയ്ക്ക് ശേഷം വില്ലേജ് മുഴുവൻ അണുമുക്തമാക്കും. റസ്റ്റോറന്റുകളിൽ സാമൂഹിക അകലം ക്രമീകരിക്കുന്നതിന്റെ ഭാഗമായി മേശകൾക്കിടയിൽ രണ്ട് മീറ്റർ അകലം വരുത്തി. പ്രാർഥനാ മുറികൾ സമയത്ത് മാത്രമേ തുറക്കൂ.

സ്പർശന സാധ്യതയുള്ള ഇടങ്ങൾ, റസ്റ്റോറന്റുകളിലെ കസേരയും മേശകളും, വീൽചെയറുകൾ, ഷോപ്പിങ് ട്രോളികൾ, ഗെയിംസ് നടക്കുന്ന സ്ഥലം, പ്രാർഥനാ മുറികൾ എന്നിവിടങ്ങലിൽ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കും.

Most Popular