Tuesday, May 18, 2021
Home Gulf ജിസിസി ഉച്ചകോടിക്ക് മുമ്പ് വിദേശകാര്യ മന്ത്രിമാരുടെ യോഗം; ഖത്തറിനെതിരായ ഉപരോധം പ്രധാന ചര്‍ച്ച

ജിസിസി ഉച്ചകോടിക്ക് മുമ്പ് വിദേശകാര്യ മന്ത്രിമാരുടെ യോഗം; ഖത്തറിനെതിരായ ഉപരോധം പ്രധാന ചര്‍ച്ച

റിയാദ്: നാല്പത്തിയൊന്നാമത് ജിസിസി ഉച്ചകോടിക്കു മുമ്പായിഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നു. ബഹ്റൈന്റെ അധ്യക്ഷതയില്‍ വെര്‍ച്വലായാണ് യോഗം ചേരുക. ഖത്തറിനെതിരായ ഉപരോധത്തെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. 2021 ജനുവരി അഞ്ചിന് സൗദി തലസ്ഥാനമായ റിയാദിലാണ് ജിസിസി ഉച്ചകോടി. അതിന് മുമ്പായി ഖത്തര്‍ ഉപരോധ വിഷയത്തില്‍ സമവായത്തില്‍ എത്താനാണ് നീക്കം.

ഇറാനെതിരെ അറബ് രാജ്യങ്ങളുടെ കൂടി ഉള്‍പെടുത്തി വിശാലസഖ്യമുണ്ടാക്കാന്‍ ലക്ഷ്യമാക്കിയാണ് അമേരിക്കന്‍ ഭരണകൂടം ഗള്‍ഫ് പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറാനെതിരായ അമേരിക്കയുടെ ഉപരോധവും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്യും.

ഇതിനിടെ, നാല്‍പ്പത്തിയൊന്നാമത് ഗള്‍ഫ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ റിയാദില്‍ പുരോഗമിക്കുകയാണ്. ഉച്ചകോടിയിലേക്ക് ഗള്‍ഫ് നേതാക്കളെ ഔദ്യോഗികമായി ക്ഷണിച്ചു തുടങ്ങി. മൂന്നര വര്‍ഷം നീണ്ട ഖത്തര്‍ പ്രതിസന്ധിക്ക് അയവുണ്ടാക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ സൗദി, കുവൈത്ത് അധികൃതര്‍ ഇത് സംബന്ധമായ സൂചന നല്‍കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ 2017 ലാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്.

Most Popular