അല്‍ കോബാര്‍: കൊവിഡ് ബാധിക്കുന്ന പ്രവാസികളുടെ കണക്കവതരിപ്പിക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനത്തിനെതിരെ കേരള ഹൈകോടതിയില്‍ ഹരജി. സൗദി അറേബ്യയിലെ അല്‍കോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടി വനിതാ വിംഗ് അംഗവും കേരള കോര്‍ഡിനേറ്ററുമായ ദരിയ ഫരീദാണ് ഹരജി നല്‍കിയത്.
ദിവസവും വിദേശത്തു നിന്നും അത് പോലെ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വന്ന ഇത്ര ഇത്ര ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത് എന്ന കണക്കവതരണം പ്രവാസികളെ ശത്രുക്കളായി കാണാനിടവരുത്തുന്നതിനാല് ഇതു ഒഴിവാക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഇരയുടെ സ്വകാര്യത നിലനിര്‍ത്താന്‍ സര്‍ക്കാരുകള്‍ക്കുള്ള ഉത്തരവാദിത്ത്വം വ്യക്തമാക്കി ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്.
എന്നാല്‍, കൊവിഡ് ബാധിതരുടെ എണ്ണം പറയുന്നത് കൂടാതെ പ്രവാസികള്‍ എന്ന ഒരു വിഭാഗത്തെ പ്രത്യേകമായി എടുത്തുപറയുകയും അവര്‍ വന്ന വിദേശ രാജ്യത്തിന്റെ പേരുള്‍പ്പെടെയുള്ള അവരുടെ തദ്ദേശ സ്ഥലങ്ങള്‍ വിവരങ്ങള്‍ പുറത്തറിയിക്കുന്ന നിലവിലെ രീതി പ്രവാസികളായ വ്യക്തികളുടെ സ്വകാര്യതയുടെയും മനുഷ്യവകാശങ്ങളുടെയും ലംഘനമാണെന്നാണ് ആരോപണം. കൂടാതെ പ്രവാസികളെ ശത്രുക്കളായി കാണാന്‍ ഇതു ഇടവരുത്തുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഒരു രീതി രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലോ ലോകത്തെ മറ്റേതെങ്കിലും രാജ്യത്തോ കാണുന്നില്ല എന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹരജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.