Wednesday, June 16, 2021
Home Gulf മനുഷ്യക്കടത്ത്: രണ്ട് പാകിസ്താനികള്‍ക്ക് 10 വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും

മനുഷ്യക്കടത്ത്: രണ്ട് പാകിസ്താനികള്‍ക്ക് 10 വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും

ദോഹ: മനുഷ്യക്കടത്ത് കേസില്‍ പാകിസ്താന്‍ സ്വദേശികളായ രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിക്ക് കീഴിലുള്ള ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ കാലയളവ് കഴിഞ്ഞതിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി വിധിന്യായത്ത പ്രശംസിച്ച് മനുഷ്യക്കടത്തിനെതിരായുള്ള ദേശീയ സമിതി രംഗത്തുവന്നു. നീതിക്ക് വേണ്ടിയുള്ള വിജയമായാണ് വിധിന്യായത്തെ കണക്കാക്കപ്പെടുന്നത്.

മനുഷ്യക്കടത്ത് തടയുന്നതിനുള്ള 2011ലെ 15ാം നമ്പര്‍ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ട് ഗാര്‍ഹിക തൊഴിലാളികളാണ് കേസില്‍ ഇരകളായത്. ഇരകളെ ബലം പ്രയോഗിച്ച് ചൂഷണം ചെയ്യുക, അടിമകളാക്കി മാറ്റുക, ഇരകളെ തടഞ്ഞുവെക്കുകയും സ്വാതന്ത്ര്യം തടയുകയും ചെയ്യുക, വേതനമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുക, ഇരകള്‍ക്കെതിരായ ശാരീരിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ നടത്തിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മനുഷ്യക്കടത്തിന്റെ പരിധിയില്‍ പെട്ട സംഭവത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായും അവരെ ഉപദ്രവിക്കുന്നതായും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിക്ക് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് പൊലീസ്, പബ്ലിക്ക് പ്രോസിക്യൂഷന്‍, ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി തുടങ്ങിയവര്‍ സംയുക്തമായി അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇരകളായ ഗാര്‍ഹിക തൊഴിലാളികളെ കണ്ടെത്തി െപ്രാട്ടക്ഷന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ (അമാന്‍) പ്രവേശിപ്പിക്കുകയും മതിയായ ആരോഗ്യ പരിരക്ഷ നല്‍കുകയും ചെയ്തു. ദേശീയ മനുഷ്യക്കടത്ത് വിരുദ്ധസമിതി ഉള്‍പ്പെടുന്ന അന്വേഷണത്തിനിടെ ലഭിച്ച ഫോറന്‍സിക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷിമൊഴികള്‍, ഇരകളുടെ മൊഴികള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതും തുടര്‍ നടപടി സ്വീകരിച്ചതും. ഇരകള്‍ക്ക് ഓരോരുത്തര്‍ക്കും രണ്ട് പ്രതികളും ചേര്‍ന്ന് 10 ലക്ഷം റിയാല്‍ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉഥ്മാന്‍ അല്‍ ഫഖ്‌റു, ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി അധ്യക്ഷന്‍ തുടങ്ങിയവര്‍ കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

Most Popular