Tuesday, July 27, 2021
Home Gulf അബുദാബിയിൽ രക്ഷിതാക്കൾക്ക് സ്‌കൂളിനകത്തേക്ക് പ്രവേശനമില്ല

അബുദാബിയിൽ രക്ഷിതാക്കൾക്ക് സ്‌കൂളിനകത്തേക്ക് പ്രവേശനമില്ല

അബുദാബി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും തിരിച്ചു കൊണ്ടു പോകാനും വരുന്ന രക്ഷിതാക്കൾക്ക് സ്‌കൂളിനകത്തേക്ക് പ്രവേശനമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തിരിച്ചു വിളിക്കാനെത്തുന്നവർ കുട്ടികൾ സ്‌കൂളിന് പുറത്തേക്കു വരുന്നതു വരെ സാമൂഹിക അകലം പാലിച്ചു നിൽക്കണം. സ്വന്തം വാഹനത്തിൽ മക്കളെ സ്‌കൂളിൽ എത്തിക്കുന്നവർ ഒരേ സ്‌കൂളിലേക്കെന്നതിനാൽ സമീപത്തുള്ളവർക്ക് ലിഫ്റ്റ് കൊടുക്കുന്നതും വിപരീത ഫലമുണ്ടാക്കാം.

കുടുംബാംഗങ്ങൾ അല്ലാത്ത മൂന്ന് പേരിൽ കൂടുതൽ ഒരു വാഹനത്തിൽ സഞ്ചരിക്കാൻ പാടില്ലെന്ന് ലോക്ക്ഡൗണിന്റെ ആദ്യനാളുകളിലേ നിയമമുണ്ട്. ഇത് പാലിക്കണം. സ്‌കൂൾ സമയത്ത് കൂട്ടംകൂടാനുള്ള സാഹചര്യമുണ്ടാകാം. ഇതൊഴിവാക്കാൻ ചില രക്ഷിതാക്കൾക്ക് സ്‌കൂളുമായി ബന്ധപ്പെട്ട് അൽപം നേരത്തെ എത്താവുന്നതാണ്. നിലവിൽ ഓരോ ഡിവിഷനിലും കുറച്ച് വിദ്യാർഥികൾ മാത്രമാണ് സ്‌കൂളിൽ നേരിട്ട് പഠിക്കാനെത്തുന്നത്. ശേഷിച്ചവർ ഇ-ലേണിംഗ് പഠനം തുടരുന്നു.

നിലവിൽ സ്‌കൂളിൽ എത്തുന്ന വിദ്യാർഥികളെ തെർമൽ സ്‌കാനറിലൂടെ അകത്തേക്കു പ്രവേശിപ്പിച്ച് ക്ലാസിലെത്തിച്ച് അകലം പാലിച്ച് ഇരുത്തിയാണ് പഠനം നടത്തുന്നത്. ഓരോ കുട്ടികളുടെയും പേരെഴുതിയ ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശരീരോഷ്മാവ് ഇടയ്ക്കിടെ പരിശോധിക്കും. കൈകൾ ശുചിയാക്കാൻ സാനിറ്റൈസറും ലഭ്യമാണ്. ഐസലേഷൻ, ക്വാറന്റീൻ തുടങ്ങി ജീവനക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷിതത്വത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയതിന് ശേഷമാണ് സ്‌കൂളുകൾ പുനരാരംഭിച്ചത്.

Most Popular