Sunday, April 18, 2021
Home Gulf ഇന്‍ഡിഗോ ഉള്‍പ്പെടെയുളള വിമാനങ്ങള്‍ റദ്ദാക്കല്‍: യാത്രക്കാര്‍ ആശങ്കയില്‍

ഇന്‍ഡിഗോ ഉള്‍പ്പെടെയുളള വിമാനങ്ങള്‍ റദ്ദാക്കല്‍: യാത്രക്കാര്‍ ആശങ്കയില്‍

മസ്‌കത്ത്: ഇന്‍ഡിഗോ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ വിമാന കമ്പനികള്‍ ഇന്ത്യയില്‍നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ നിര്‍ത്തലാക്കിയത് ഇന്ത്യന്‍ സെക്ടറിലേക്കുള്ള യാത്രക്കാരെ ആശങ്കയിലാക്കുന്നു. ഈ വിഷയത്തില്‍ നിരവധി കിംവദന്തികളും പ്രചരിക്കാന്‍ തുടങ്ങിയതോടെ ട്രാവല്‍ ഏജന്‍സികളിലേക്കും മറ്റും തുരുതുരെ അന്വേഷണങ്ങള്‍ വരുകയാണ്. കൂട്ടത്തില്‍ ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യോമയാന കരാറുകള്‍ അവസാനിച്ചെന്നും അടുത്ത മാസം മുതല്‍ ഇന്ത്യയിലേക്ക് വിമാന സര്‍വിസുകള്‍ നിലക്കുമെന്ന കുപ്രചാരണവും നിലവിലുണ്ട്.

നവംബര്‍ 30 വരെയുള്ള എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം പുനര്‍നിര്‍ണയം നടത്തിയതിനെ തുടര്‍ന്നാണ് സ്വകാര്യ വിമാന കമ്പനികളോട് സര്‍വിസ് നിര്‍ത്താന്‍ നിര്‍ദേശിച്ചത്. സര്‍വിസുകള്‍ നിലച്ചാല്‍ പൈസ റീഫണ്ട് ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ അടുത്ത മാസം യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കാന്‍ മടിക്കുന്നവരും നിരവധിയാണ്. നിലവില്‍ ഇന്ത്യയിലെ ക്വാറന്റീന്‍ വിഷയത്തില്‍ നിരവധി കിംവദന്തികള്‍ പ്രചരിക്കുന്നതിനിടയിലാണ് മലയാളികള്‍ക്ക് അടക്കം പുതിയ വിഷയം ലഭിച്ചിരിക്കുന്നത്.

സ്വകാര്യ വിമാന സര്‍വിസുകള്‍ നിര്‍ത്തുന്നത് നാട്ടില്‍ പോകാന്‍ തയാറായി നില്‍ക്കുന്നവരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ഒമാനില്‍ ദീര്‍ഘകാലമായി തങ്ങേണ്ടിവന്നവരെയാണ് പ്രശ്‌നം ഏറെ അലട്ടുന്നത്. കടയിലും സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന നിരവധി േപര്‍ നാട്ടിലുള്ളവര്‍ തിരിച്ചെത്തിയാല്‍ അവധിക്ക് പോകാന്‍ കരുതിയിരിക്കുകയായിരുന്നു. ബജറ്റ് വിമാന കമ്പനികളുടെ കുറഞ്ഞ നിരക്കുകള്‍ ഉപയോഗപ്പെടുത്തി നാടണയാമെന്ന സ്വപ്നവുമായി നടക്കുമ്പാേഴാണ് പുതിയ തിരിച്ചടി വന്നത്. സ്വകാര്യ വിമാന കമ്പനികളുടെ അനുമതി പിന്‍വലിച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നതും ഇവരെ സങ്കടത്തിലാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി കാലത്തടക്കം നാട്ടില്‍ പോകാതെ കച്ചവട സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുകയും സ്ഥാപനം കൊണ്ട് നടത്തുകയും ചെയ്ത ചെറിയ ശമ്പളക്കാരാണ് പ്രയാസത്തില്‍ കഴിയുന്നത്. നിലവില്‍ ഒമാനില്‍ തിരിച്ചെത്താന്‍ കോവിഡ് ടെസ്റ്റ് അടക്കമുള്ള നിബന്ധനകള്‍ ആരംഭിച്ചതോടെ തന്നെ പലരും ഒമാനിലേക്ക് തിരിച്ചുവരാന്‍ മടിക്കുകയാണ്.

ടിക്കറ്റ് നിരക്ക് ഉയര്‍ന്നതിനൊപ്പം വിമാനത്തില്‍ സീറ്റുകള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്നതോടെ തിരിച്ചുവരുന്നവരുടെ യാത്ര ഇനിയും നീളാന്‍ കാരണമാകും. ഇത് നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് വിനയാവും. വിമാന സര്‍വിസുകള്‍ സാധാരണ ഗതിയിലായതിനുശേഷം നാട്ടില്‍ േപാകാമെന്ന് കരുതിയ നിരവധി പേരും ഒമാനിലുണ്ട്. കോവിഡ് പ്രതിസന്ധിയുടെ മാനസിക പിരിമുറുക്കം മാറ്റാന്‍ നാട്ടില്‍ പോകാമെന്ന് കരുതി ഈ വിമാന കമ്പനികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരും മാനസിക പിരിമുറുക്കത്തിലാണ്. തങ്ങളുടെ ടിക്കറ്റ് തുക എപ്പോള്‍ തിരിച്ചുലഭിക്കുമെന്ന് ആശങ്കപ്പെടുകയാണവര്‍. കോവിഡ് പ്രതിസന്ധിക്കുമുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വിമാന സര്‍വിസ് റദ്ദാക്കിയതിനെ തുടര്‍ന്ന് പൈസ തിരികെ ലഭിക്കാത്ത അനുഭവവും പ്രവാസികളുടെ മുന്നിലുണ്ട്. ഏതായാലും സ്വകാര്യ വിമാന കമ്പനികളും അപ്രതീക്ഷിതമായി സര്‍വിസ് നിര്‍ത്തുന്നതില്‍ ഏറെ വിഷമിക്കുക താഴ്ന്ന വരുമാനക്കാരായ യാത്രക്കാരാണ്

Most Popular