മനാമ: ബഹ്റൈനില്‍ ഒക്ടോബര്‍ 24 മുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ ഒരുനേരം 30ലധികം ആളുകള്‍ റസ്റ്റോറന്റുകള്ക്കുള്ളില് പാടില്ല. കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടീമിന്റെ ശിപാര്‍ശ പ്രകാരവും നിലവിലെ സാഹചര്യം വിലയിരുത്തിയുമാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയും കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടീം അംഗവുമായ ഡോ. വലീദ് അല്‍ മാനിഅ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
റസ്റ്റോറന്റുകളിലും കഫേകളിലും പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 24 മുതല്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍, കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനാല്‍ ഈ തീരുമാനം മാറ്റുകയായിരുന്നു.സ്കൂളില്‍ വന്ന് പഠനം നടത്താന്‍ താല്പര്യപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 25 മുതല്‍ സര്‍ക്കാര്‍ സ്കൂളുകളിലും സ്വകാര്യ കിന്റര്‍ ഗാര്‍ട്ടനുകളിലും ക്ലാസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ സ്വീകരിക്കേണ്ട ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ഓരോ സ്കൂളിലും ഹെല്‍ത്ത് ടീമും രൂപവത്കരിച്ചിട്ടുണ്ട്.