Thursday, August 5, 2021
Home Gulf സൗദിയിൽ ടെലികമ്മ്യൂണികേഷൻ, ഐടി മേഖലകൾ സ്വദേശിവത്കരിക്കുന്നു

സൗദിയിൽ ടെലികമ്മ്യൂണികേഷൻ, ഐടി മേഖലകൾ സ്വദേശിവത്കരിക്കുന്നു

റിയാദ്: സ്വകാര്യമേഖലയിൽ 9,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മേഖല പൂർണമായും സ്വദേശിവത്കരിക്കുന്നതായി സൗദി സാമൂഹിക മാനവ വിഭവശേഷി മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ രാജി പ്രഖ്യാപിച്ചു. ഇതിനായി മിനിമം വേതനവും നിശ്ചയിച്ചു.

ആശയവിനിമയ, ഐടി ജോലികൾ, ആപ്ലിക്കേഷൻ വികസനം, പ്രോഗ്രാമിംഗ്, വിശകലനം, സാങ്കേതിക പിന്തുണ എന്നിവയിൽ അഞ്ചോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാകും.

വൈദഗ്ധ്യ ജോലികൾക്ക് ചുരുങ്ങിയത് 7,000 റിയാലും സാങ്കേതിക ജോലികൾക്ക് ചുരുങ്ങിയത് 5,000 റിയാലുമാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് മാന്യമായ തൊഴിലവസരങ്ങൾ നേടുന്നതിന് പ്രത്യേക യോഗ്യതകളുള്ള ബിരുദധാരികളെ പ്രാപ്തരാക്കുന്നതിന് സർക്കാർ മുന്നോട്ട് വെക്കുന്ന പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.

വിവിധ മേൽനോട്ട ഏജൻസികളുടെ സഹകരണവും പങ്കാളിത്തവും ഉപയോഗപ്പെടുത്തി നടത്തുന്ന പരിഷ്‌കരണം സ്വകാര്യമേഖലയിൽ അനുയോജ്യവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തീരുമാനം ശരിയായി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും മാർഗരേഖയും മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇത് ലഭ്യമാണ്. കഴിഞ്ഞ മാസമാണ് രാജ്യത്ത് എൻജിനീയറിംഗ് ജോലികൾ പ്രാദേശികവത്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

Most Popular